എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വാഗ്ദാനങ്ങളും അവകാശവാദങ്ങളും പാഴ്വാക്കായി. കുപ്പിവെള്ളത്തിന് ഇപ്പോഴും തീവില. വില ആരു കുറയ്ക്കുമെന്ന കാര്യത്തിൽ വ്യാപാരികളും നിർമ്മാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ കുടിവെള്ളത്തിന് 20 രൂപ നൽകേണ്ട ഗതികേടിൽ പൊതുജനം.
കുപ്പിവെള്ളത്തിന്റെ വില ഇരുപതിൽ നിന്ന് 12 രൂപയാക്കുമെന്ന പ്രഖ്യാപനം വന്ന് ഒരു മാസം കഴിഞ്ഞിട്ടും വില ഇപ്പോഴും 20 രൂപ തന്നെ. വില കുറയ്ക്കാത്തതിന്റെ കാരണം വ്യാപാരികളോട് തിരക്കിയപ്പോൾ വില കുറയ്ക്കേണ്ടത് നിർമ്മാതാക്കളാണെന്ന മറുപടിയാണ് ലഭിച്ചത്.
കുപ്പിവെള്ളം 12 രൂപയ്ക്ക് വിൽക്കാമെന്ന് ആദ്യം സമ്മതിച്ചത് വ്യാപാരികളാണ്. ഇതിന് പിന്തുണയുമായി ബേക്കറി അസോസിയേഷനും വന്നു. അമിത വില കൂട്ടി വിറ്റാൽ നടപടിയെടുക്കുമെന്ന പ്രഖ്യാപനം ഭക്ഷ്യമന്ത്രിയും നടത്തി. എന്നാൽ ആരുടെ പ്രഖ്യാപനവും ഇതുവരെ നടപ്പായില്ല എന്നതാണ് സത്യം.
പൊതു വിപണയിൽ 20 രൂപ നൽകിയാലെ കുപ്പിവെള്ളം ലഭിക്കുകയുള്ളുവെന്ന അവസ്ഥയാണ് ഇപ്പോഴും. കനത്ത വേനലിൽ ബുദ്ധിമുട്ടുന്ന പൊതുജനത്തെ കുപ്പിവെള്ളത്തിന്റെ വിലകൂടി ഉയർന്നു നിൽക്കുന്നത് ഒന്നുകൂടി പൊള്ളിക്കുകയാണ്. ഒരു കുപ്പിവെള്ളം നിർമ്മിച്ച് വിപണയിലെത്തിക്കുന്നതിന് ഏഴു രൂപയിൽ താഴെ ആകുകയുള്ളുവെന്ന് നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ തന്നെ പറയുന്നു.
പന്ത്രണ്ടു രൂപയ്ക്ക് വിൽക്കുന്പോൾ തന്നെ ആവശ്യത്തിലധികം ലാഭം ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ പരിശോധിച്ചാലറിയാം. എന്നാൽ വിലകുറയ്ക്കേണ്ടത് ആരെന്ന തർക്കമാണ് പരിഹാരത്തിന് തടസമാകുന്നത്. പായ്ക്ക് ചെയ്ത വെള്ളത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ അധികം വിലയ്ക്ക് വിറ്റാൽ മാത്രമെ നടപടിയെടുക്കാനാകുവെന്ന നിലപാടിലാണ് വ്യാപാരി വ്യവസായ സംഘടനാ നേതൃത്വം.
രേഖപ്പെടുത്തിയിരിക്കുന്ന വിലയിലധികം വെള്ളംവിറ്റാൽ ആ വ്യാപാരിക്കെതിരെ നടപടിയെടുക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു.
നിർമ്മാതാക്കൾ വിലകുറയ്ക്കാത്തിടത്തോളം കാലം തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
വിലകുറപ്പിക്കുന്ന കാര്യത്തിൽ സർക്കാരും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇരുപതു രൂപ നൽകേണ്ടി വരുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും വിലകുറയ്ക്കാൻ നിർമ്മാതാക്കൾ തയ്യാറായാൽ തങ്ങൾ 12 രൂപയ്ക്ക് വെള്ളം വിൽക്കണമെന്ന കർശന നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ഇടപെടുമെന്ന മന്ത്രിയുടെ പ്രഖ്യാനം ഉണ്ടായതല്ലാതെ ഇതുവരെ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്ത് വന്നിട്ടില്ല. ഇതു പ്രതിസന്ധി ഒന്നു കൂടി വർധിപ്പിക്കുകയാണ്. വേനൽ കനത്തതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിൽപന വൻ തോതിൽ വർധിച്ചിരിക്കുകയാണ്. വിപണിയിലുള്ള ഭൂരിഭാഗം കുപ്പിവെള്ളത്തിനും ഗുണമേൻമ സർട്ടിഫിക്കറ്റു പോലുമില്ല.
ഇതു പരിശോധിക്കേണ്ട ലീഗൽ മെട്രോളജി വകുപ്പാകട്ടെ ഇതിലൊന്നും താത്പര്യം കാണിക്കുന്നുമില്ല. അമിത ലാഭം കിട്ടുന്നതിനാൽ ഒരോ ദിവസവും പുതിയ കന്പനികളുടെ പേരിൽ വെള്ളം വിപണിയിലെത്തുകയാണ്. കൃത്യമായ പരിശോധനകളില്ലാത്തത് വ്യാജ നിർമ്മാതാക്കളെ ഈ രംഗത്തേയ്ക്കു കൂടുതൽ ആകർഷിക്കുകയാണ്. നടപടിയെടുക്കേണ്ട വിഭാഗമാകട്ടെ പരസ്പരം പഴിചാരി നിൽക്കുകയുമാണ്.