ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ വിവാഹം മുടക്കിയതാകട്ടെ കുടിവെള്ളം! കഴിഞ്ഞ 15നായിരുന്നു സംഭവം. വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു വിവാഹം ഉപേക്ഷിക്കുകയായിരുന്നു.
ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്കാരം ഓഡിറ്റോറിയത്തിൽ നടക്കുന്പോഴാണു കുടിവെള്ളപ്രശ്നം കല്യാണം മുടക്കിയായത്.
കാറ്ററിംഗ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിവാഹംതന്നെ വേണ്ടെന്നു വച്ച് ഇരുകൂട്ടരും അടിച്ചുപിരിഞ്ഞു