പാനൂർ: കോപ്പാലത്തു നിന്നും മദ്യപസംഘമോടിച്ച കാർ നിരവധി വാഹനങ്ങളിലിടിച്ചു. കുട്ടികൾ അടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടതു തലനാരിഴക്ക്. രാത്രി പത്തോടെയാണു യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ കോപ്പാലം മുതൽ ചമ്പാടുവരെ അരങ്ങേറിയത്.
സ്വിഫ്റ്റ് കാറാണു കോപ്പാലം മുതൽ താഴെചമ്പാട് വരെ നിരനിരയായി അപകടങ്ങൾ ഉണ്ടാക്കിയത്. കമ്പിപ്പാലത്തുവച്ചു മറ്റൊരു വാഹനത്തിലിടിച്ച കാർ നിർത്താതെ വരികയായിരുന്നു. മേലെചമ്പാട് എത്തിയപ്പോൾ കാറിന്റെ വരവുകണ്ടു യാത്രക്കാർ ഓടി രക്ഷപ്പെട്ടു.
വിനോദയാത്ര കഴിഞ്ഞെത്തിയ ചമ്പാട് എൽപി സ്കൂളിലെ കുട്ടികളടക്കം റോഡിലുണ്ടായിരുന്നു. നാട്ടുകാരുടെ ഇടപെടലിനാൽ തലനാരിഴയ്ക്കാണു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്നു താഴെചമ്പാട് വച്ചു യാത്രികനായ പെരിങ്ങാടി സ്വദേശി ഷഹ്സാദിന്റെ കെഎൽ 58 ഇസെഡ് 6669 ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ച കാർ മതിലിനിടിച്ചാണു നിന്നത്.
കാറിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തി. കാറിൽ നിന്നും രണ്ടു പേർ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. പാനൂർ സി.ഐ ടി.പി ശ്രീജിത്ത് ഉൾപ്പടെ ഉന്നത പൊലീസ് സംഘവും സ്ഥലത്തെത്തി.