കൊല്ലം: കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി അഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശ്രീകൃഷ്ണ കഥാമൃതം എന്ന പേരിലുള്ള തുള്ളല്‍ അവതരിപ്പിക്കുകയാണ് കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ദൃശ്യാ ഗോപിനാഥ്. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ ശ്രീകൃഷ്ണ ലീല, ഗോവര്‍ധന ചരിത്രം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ തുടര്‍ച്ചയായി ഇടവേളയില്ലാതെ അവതരിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത.
തൃശൂര്‍ സംഗീത നാടക അക്കാദമി റീജിയണല്‍ തീയേറ്ററില്‍ 13ന് വൈകുന്നേരം നാലിന് അരങ്ങേറും.ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ തുള്ളല്‍ അഭ്യസനം ആരംഭിച്ച ദൃശ്യ ഇപ്പോള്‍ അഞ്ഞൂറില്‍പ്പരം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. വടമണ്‍ ദേവകിയമ്മയാണ് ആദ്യ ഗുരു. പിന്നീട് കലാമണ്ഡലം ജനാര്ദ്ദനന്, പ്രഭാകരന് പുന്നശ്ശേരി എന്നിവരുടെ കീഴില്‍ പഠനം തുടര്‍ന്നു. ഓട്ടന്‍ തുള്ളല്‍ കൂടാതെ ശീതങ്കന്‍ തുള്ളല്‍, പറയന് തുള്ളല്‍ എന്നിവയും വേദിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
കേരളത്തില്‍ പ്രമുഖ വേദികളും വിദ്വല്‍ സദസുകളും കൂടാതെ അന്യസംസ്ഥാനങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി ഹരിണീസ്വയംവരം ശീതങ്കന്‍ തുള്ളലിലെ താളമാലിക അവതരിപ്പിച്ച് സമ്മാനം നേടി. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ശിഷ്യരെ പങ്കെടുപ്പിക്കുന്നു. അമ്പത്തിയാറാമത് സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി പറയന് തുള്ളല്‍ അവതരിപ്പിച്ച ദേവിക ദൃശ്യയുടെ ശിഷ്യയാണ്.
സ്കൂള്‍ കലോത്സവ ചരിത്രത്തിലാദ്യമായി നൃഗമോക്ഷം ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഗോപീകൃഷ്ണന്റെ ഗുരുവും ദൃശ്യയാണ്. വിദ്യാര്‍ഥികളായ കലാകാരന്മാര്ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പില്‍ ഓട്ടന്തുള്ളല് വിഭാഗത്തില്‍ ആദ്യ തവണ തന്നെ ദൃശ്യ തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്ക്, കന്നട ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ തുള്ളല്‍ കഥ തുളു സാഹിത്യോത്സവത്തിലും ആന്ധ്രാപ്രദേശിലെ ദ്രവീഡിയന്‍ സര്‍വകലാശാലയിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലും അവതരിപ്പിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ദൃശ്യ അവതരിപ്പിച്ച ഓട്ടന്തുള്ളല് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നീ കേരളീയ കലാരൂപങ്ങളിലും ദൃശ്യാഗോപിനാഥ് കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കാവ്യ താളങ്ങളും സര്‍ഗാത്മകതയും കുഞ്ചന്‍ നമ്പ്യാരുടെ തെരഞ്ഞെടുത്ത കൃതികളെ മുന്‍നിറുത്തി ഒരു പഠനം എന്ന വിഷയത്തിലാണ് ഗവേഷണം.
പുനലൂര്‍ കരവാളൂര്‍ മംഗലത്ത് വീട്ടില്‍ അഡ്വ. പി എന്‍ ഗോപിനാഥന് നായരുടെയും രോഹിണിയുടെയും രണ്ടാമത്തെ മകളാണ് ദൃശ്യ. തുള്ളല്‍ ചരിത്രത്തില്‍ ഒരു പുത്തന്‍ അധ്യായം എഴുതി ചേര്‍ക്കാനുള്ള സാഹസികമായ വെല്ലുവിളിയാണ് ശ്രീകൃഷ്ണ കഥാമൃതം-തുള്ളല്‍ പഞ്ചമം.