ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഗൾഫ്സ്ട്രീം പിക്ചേഴ്സുമായും, ജോറ്റ് ഫിലിംസുമായും ചേർന്നാണ് ഹോളിവുഡിൽ ദൃശ്യം നിർമ്മിക്കുന്നത്. ഇന്ത്യൻ, ചൈനീസ് വിപണികളിൽ ഗംഭീരമായ വിജയകൊയ്ത്തിന് ശേഷമാണ് ചിത്രം ഹോളിവുഡിലെത്തുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് കൊറിയൻ പരിഭാഷ ഒരുങ്ങുന്നത്.
ഹോളിവുഡിനായി ചിത്രം റീമേക്ക് ചെയ്യുന്നതിൽ വളരെയേറെ സന്തോഷം ഉണ്ടെന്ന് പനോരമ സ്റ്റുഡിയോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കുമാർ മംഗത് പഥക് പറഞ്ഞു. ഈ കഥ ലോകമെമ്പാടുമുള്ള പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം, അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ പത്ത് രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.