ലിജിൻ കെ ഈപ്പൻ
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ടാം ഭാഗം പ്ലാൻ ചെയ്തിരുന്നതല്ല. ദൃശ്യം പ്രേക്ഷകർ ഏറ്റെടുത്തതിനു ശേഷം രണ്ടാം ഭാഗത്തെക്കുറിച്ചു പലരും ചോദിച്ചപ്പോഴെല്ലാം ഇല്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്.
പിന്നീട് 2015 സമയത്ത് സമൂഹ മാധ്യമങ്ങളിൽ ദൃശ്യത്തിനു തുടർച്ചയായി പല കഥകൾ പ്രചരിച്ചിരുന്നു. ആ സമയത്താണ് നിർമാതാവ് ആന്റണി പെരുന്പാവൂർ ദൃശ്യത്തിനു രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ട ് ചിന്തിച്ചുകൂടാ എന്നു ചോദിച്ചു. അപ്പോഴും അതു നടക്കില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്.
ഒന്നു ശ്രമിച്ചു നോക്കാനാണ് ആന്റണി പറഞ്ഞത്. അതിനു ശേഷമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങുന്നത്. ദൃശ്യത്തിലെ സംഭവത്തിനു ശേഷമുള്ള തുടർച്ചയായിരിക്കുമോ, അതോ അവരുടെ ജീവിതത്തിലെ മറ്റെന്തിങ്കിലും സംഭവമായിരിക്കുമോ എന്നു ആലോചിച്ചു. 2015 മുതൽ നാല്, അഞ്ച് വർഷംകൊണ്ടാണ് ഇപ്പോൾ പ്രേക്ഷകർ കണ്ട ദൃശ്യം രണ്ടാം ഭാഗത്തിലേക്ക് എത്തിയത്.
ഒരു വലിയ സംഭവമാണ് ജോർജുകുട്ടിയുടെ ജീവിതത്തിൽ നടന്നത്. അതിനെ ചുറ്റിപ്പറ്റി വീണ്ട ും പ്രശ്നങ്ങൾ നിരവധിയുണ്ടാ കാം. അവരുടെ ടെൻഷനും പിന്നീടുള്ള അവരുടെ ജീവിതവും എന്ന ബേസിക് പ്ലാറ്റ്ഫോമിൽ നിന്നാണ് ദൃശ്യം രണ്ട ് ഒരുക്കിയത്.
സാധാരണക്കാരനായ ജോർജുകുട്ടി ഒരു കുറ്റകൃത്യം മറച്ചുവെക്കുന്നതും പിന്നീട് അയാളുടെയും കുടുംബത്തിന്റെയും ജീവിതം മാറുന്നതുമാണ് ദൃശ്യത്തിൽ കണ്ടത്. അവിടെ നിന്ന് അവരുടെ കഥയുടെയും കഥാപാത്രങ്ങളുടെയും തുടർച്ച പറയുന്പോഴുണ്ടായ വെല്ലുവിളി?
ഒന്നാം ഭാഗത്തിൽ നിന്നുള്ള തുടർച്ചയും ആ കഥാപാത്രങ്ങളുടെ വളർച്ചയും ഒരു പ്രധാന ഘടകമാണ്. ആറു വർഷത്തിനു ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളുണ്ട ്.
അതിനൊപ്പം അവരുടെ സ്വഭാവ പശ്ചാത്തലവുണ്ട ്. ഇന്നത്തെ അവരുടെ കഥ പറയുന്പോൾ ഒരു ഫാമിലി ഡ്രാമയായി തീരാനും പാടില്ല.
ദൃശ്യത്തിനവസാനം ജോർജുകുട്ടി നിരപരാധിയെന്നു സമൂഹം വിധിയെഴുതുന്നുണ്ട ്. ഈ കാലഘട്ടത്തിൽ അവരുടെ ജീവിതം മാറിയപ്പോൾ അവരോട് കുറച്ചുപേർക്ക് അസൂയ ഉണ്ടാകാം.
കാണാതെ പോയ യുവാവിനെ ജോർജുകുട്ടിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവർ പല കഥകളും മെനയാം. അതു ജോർജുകുട്ടിയുടെ ജീവിതത്തെ പലയിടത്തും സ്വാധീനിക്കും. മറുവശത്ത് കേസ് ഇപ്പോഴും തീർപ്പായിട്ടില്ല.
പോലീസ് അവരെ നിരീഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഓരോ ഇടപെടലും ജോർജുകുട്ടിയുടെ കുടുംബത്തിന്റെ സമാധാനക്കേടായി തീരുന്നു.
അതു സ്വാധീനിക്കുന്നത് ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തമായിരിക്കും. ജോർജുകുട്ടിക്കുള്ള ധൈര്യം ഭാര്യ ആനിക്കും മക്കൾക്കുമുണ്ടാകണമെന്നില്ല. കഥയിൽ അത്യാവശ്യം പിരിമുറുക്കം സൃഷ്ടിച്ചുകൊണ്ട ു തിരക്കഥ ഒരുക്കേണ്ടതുണ്ട ്.
അപ്പോഴും ആദ്യഭാഗത്തെ ബന്ധപ്പെടുത്തിയായിരിക്കണം കഥ വികസിക്കേണ്ടത്. അതെല്ലാം ഉൾക്കൊള്ളിച്ചു ദൃശ്യം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നതായിരുന്നു പ്രധന വെല്ലുവിളിയായത്.
ദൃശ്യം രണ്ടാം ഭാഗത്തിനു പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുതായിരുന്നു. അതിനനുസരിച്ച് കഥ പറയുന്നതിനായി മുന്നൊരുക്കങ്ങളുണ്ടായിരുന്നോ?
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു സിനിമ ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. ദൃശ്യം രണ്ടാം ഭാഗം ചെയ്യുന്പോൾ എങ്ങനെ ഒരു നല്ല സിനിമ ചെയ്യാമെന്നാണ് കരുതിയത്.
പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംഷയും ചിന്തിച്ചാൽ അതു നമ്മുടെ കഥയെ ബാധിക്കും. അവർക്കു മുന്നിലേക്ക് ഒരു നല്ല സിനിമയെത്തിക്കണമെന്നു ചിന്തിച്ചു. അതിൽ ഞാൻ വിജയിച്ചു എന്നു തന്നെ കരുതുന്നു.
ദൃശ്യം ഇറങ്ങിയ സമയത്ത് കുറ്റകൃത്യം മറച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായി. രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയും അത്തരത്തിൽ
ചർച്ചകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നോ?
ഓരോ സിനിമകൾ ഇറങ്ങിക്കഴിയുന്പോൾ അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന വിവാദങ്ങൾ ഓരോരുത്തരുടെ കാഴ്ചപ്പാടിൽ നിന്നാണ് ഉരിത്തിരിയുന്നത്.
ദൃശ്യം കണ്ട ് കുറ്റവാളികൾക്കു പ്രചോദനമായി എന്നതിനോട് ഞാൻ യോജിക്കുന്നില്ല. സിനിമയിൽനിന്നു പലതും സമൂഹത്തിൽ പ്രചോദനം സൃഷ്ടിക്കാം.
ജീവിതത്തിന്റെയും സമൂഹത്തിന്റെയും പ്രതിഫലനമാണ് സിനിമ. നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള പല കാര്യങ്ങളാണ് ദൃശ്യം ഒരുക്കാൻ എന്ന പ്രചോദിപ്പിച്ചത്.
ദൃശ്യം രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റി അത്തരത്തിൽ ചർച്ചകൾ ഉണ്ടായാലും അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടുകളെ മാത്രം ആശ്രയിക്കുന്നതാണ്. ഞാൻ വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങളെയാണ് എന്റെ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത്.
ഇന്നും മലയാള സിനിമയുടെ നാഴികക്കല്ലാണ് ദൃശ്യം. രണ്ടാം ഭാഗം പ്രേക്ഷകർ തിയറ്ററിൽ കാണേണ്ടതാണ് എന്നു തോന്നിയിരുന്നോ?
തിയറ്ററുകൾക്കു വേണ്ടിയാണ് ഞങ്ങളുടെ ടീം ദൃശ്യം രണ്ട ് ഒരുക്കിയത്. ലോക്ഡൗണ് സമയത്ത് രണ്ട ു പ്രോജക്ടുകൾ ഞാനെഴുതിയിരുന്നു. അപ്പോൾ ലോക്ഡൗണിനു ശേഷം സാധാരണ ജീവിതത്തിലേക്കു നമ്മൾ തിരികെ വരുമെന്നും തിയറ്ററുകൾ വീണ്ട ും സജീവമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ജനുവരിയിൽ ദൃശ്യം തിയറ്ററിലെത്തിക്കാമെന്നായിരുന്നു നിർമാതവിന്റെയും ധാരണ. ലോക്ഡൗണിനു ശേഷം ഷൂട്ടിംഗ് തുടങ്ങാമെന്നതും ലാലേട്ടനും ആന്റണിയും ഞാനുമൊക്കെ ചേർന്നെടുത്ത തീരുമാനമായിരുന്നു.
സിനിമ മേഖല നിശ്ചലമായിക്കിടക്കുകയാണ്. ഒരുപാട് ആളുകൽ തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്നു. നമ്മൾ ഒന്നു തുടങ്ങിയാൽ അതു കൂടുതൽ പേർക്ക് പോസിറ്റീവ് എനർജി പകരുമെന്നു ലാലേട്ടനും പറഞ്ഞു.
പക്ഷേ, ഡിസംബർ അയപ്പോഴേക്കും വൈറസ് ജനിതിക മാറ്റം സംഭവിച്ച് ലോകത്ത് വീണ്ട ും പ്രശ്നം സൃഷ്ടിച്ചു തുടങ്ങി. വൈറസ് വ്യാപനവും പിന്നീടുണ്ടായ പ്രശ്നങ്ങളുമൊക്കെ നമുക്കും ആദ്യ അനുഭവമായിരുന്നല്ലോ. വീണ്ട ും ഒരു ലോക്ഡൗണ് എന്നു പലരും പേടിച്ചു.
ആന്റണി പെരുന്പാവൂർ 100 കോടി മുടക്കി നിർമിച്ച കുഞ്ഞാലി മരയ്ക്കാർ റിലീസിനു കാത്തിരിക്കുകയാണ്. അപ്പോൾ ഈ ചിത്രവും അങ്ങനെയിരുന്നാൽ അതു വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും.
അതിനു മുന്പ് ആമസോണ് പ്രൈം ഞങ്ങളെ സമീപിച്ചപ്പോഴും ചിത്രം തിയറ്ററിലേക്കെന്നു തന്നെയാണ് തീരുമാനിച്ചിരുന്നത്. അങ്ങനെയാണ് ഡിസംബർ 19ന് ചിത്രത്തിന്റെ ടീസർ ഞങ്ങൾ പുറത്തിറക്കിയത്. പിന്നീടാണ് ആമസോണിനു ചിത്രം നൽകുന്നത്.
ആ സമയത്ത് മറ്റു സംസ്ഥാനങ്ങളിൽ തിയറ്റർ തുറന്നിട്ടും കേരളത്തിൽ തിയറ്റർ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സമീപനം ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് ആമസോണിനു ചിത്രം നൽകുന്നത്. തിയറ്ററിലെ കാഴ്ചാനുഭവം പ്രേക്ഷകർക്കു നഷ്ടമായെന്നുള്ളത് ഒരു കാര്യമാണ്.
എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്റർ കളക്ഷനിലും പരിമിതിയുണ്ട ്. ഒപ്പം പൈറസിയെന്ന വെല്ലുവിളിയും. വീട്ടിലിരിക്കുന്ന പ്രേക്ഷകർ വ്യാജ പതിപ്പു കാണാൻ തുടങ്ങിയാലും നഷ്ടം നിർമാതാവിനാണ്. ദൃശ്യം ഒരു പാൻ ഇന്ത്യൻ സിനിമയായി മാറിയതാണ്.
ഈ സാഹചര്യത്തിൽ ദൃശ്യം രണ്ടാം ഭാഗം കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും എത്രത്തോളം റിലീസ് ചെയ്യാമെന്നുള്ള കാര്യത്തിൽ ധാരണയില്ല. ആമസോണിൽ എത്തിയതോടെ 284 രാജ്യങ്ങളിലാണ് ഒരേ സമയം ചിത്രം എത്തുന്നത്. വലിയൊരു വിഭാഗം ആളുകളിലേക്ക് അതെത്തുന്നുണ്ട്.
അപ്പോഴും ആമസോണ് പ്രേക്ഷകർ അല്ലാത്ത വലിയൊരു വിഭാഗം ഉണ്ടെന്നറിയാം. അവർക്ക് പിന്നീട് ടിവിയിൽ ചിത്രം എത്തുന്പോൾ കാണാമെന്നുള്ള സാധ്യത മാത്രമാണുള്ളത്. ഒടിടി പ്ലാറ്റ്ഫോമിൽ വലിയ വ്യൂവർഷിപ്പുണ്ടെന്നത് തള്ളിക്കളയാനാകില്ല.
തിയറ്ററുകാരുടെ പ്രശ്നം നമുക്കറിയാം. എങ്കിലും മലയാളത്തിൽ ഒരു ബ്ഹ്രമാണ്ഡ ചിത്രത്തിനു മുതൽ മുടക്കിയ നിർമാതിവിന്റെ നിലനിൽപും നമ്മൾ നോക്കണം.
കുടുംബ പ്രേക്ഷകർ തിയറ്ററിലേക്ക് വരാൻ ഇപ്പോഴും പേടിക്കുന്നു. എന്റെ കുടുംബം പോലും ഈ സാഹചര്യത്തിൽ തിയറ്ററിൽ വരാൻ മടിക്കുകയാണ്.
സിനിമ നമുക്ക അത്യാവശ്യമുള്ള കാര്യമല്ല. അതു വിനോദമാണ്. പിന്നത്തേക്കു മാറ്റിവെയ്ക്കാവുന്നതാണ്. നമുക്കു ശരിയെന്നു തോന്നിയതു ചെയ്തു. അതിൽ തെറ്റുണ്ടെ ന്നു തോന്നുന്നില്ല.
മലയാളത്തിൽനിന്ന് ഏറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. രണ്ടാം ഭാഗവും അത്തരത്തിൽ റീമേക്ക് ചെയ്യാനുള്ള സാധ്യതയുണ്ടോ?
സാധ്യത തള്ളിക്കളയാനാകുന്നില്ല. തെലുങ്ക്, തമിഴ് സിനിമ ലോകത്തുനിന്നും പലരും സിനിമ കാണണമെന്നുള്ള ആവശ്യം പറഞ്ഞിരുന്നു. അവരെ സിനിമ കാണിക്കാനുള്ള സംവിധാനം ഒരുക്കി. അതിന്റെ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്.
ചൈനയിൽനിന്നു പോലും ആളുകൾ വിളിച്ചു രണ്ടാം ഭാഗം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിലപ്പോൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് നടക്കാം. അങ്ങനെയുണ്ടാകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.
ദൃശ്യം പോലെ മറ്റേതെങ്കിലും ചിത്രത്തിനു രണ്ടാം ഭാഗം ഒരുക്കണമെന്നു ചിന്തിക്കുന്നോ?
ദൃശ്യത്തിനു രണ്ടാം ഭാഗം ഒരുക്കിയതുകൊണ്ട ് മറ്റു ചിത്രങ്ങൾക്കും തുടർച്ച എന്നു ചിന്തിച്ചിട്ടില്ല. ഞാൻ ചെയ്ത ചിത്രങ്ങളിൽ ഏതെങ്കിലും സിനിമയ്ക്കു രണ്ടാം ഭാഗത്തനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ അതു ചെയ്യു. ഇപ്പോൾ അത്തരത്തിലുള്ള ചിന്തകളൊന്നുമില്ല.
ത്രില്ലർ കഥകളാണ് കൂടുതലായും ഇപ്പോൾ കാണുന്നത്. കോമഡി
ട്രാക്കിലുള്ള ചിത്രങ്ങളും ഇനി പ്രതീക്ഷിക്കാമോ?
വ്യത്യസ്തങ്ങളായ കഥ പറയണമെന്നാഗ്രമുണ്ട്. ത്രില്ലർ സിനിമകൾ ചെയതു മടുപ്പു തോന്നിയപ്പോഴാണ് മിസ്റ്റർ ആൻഡ് മിസിസ് എന്ന കോമഡി ട്രാക്കിലുള്ള ചിത്രം ചെയ്തത്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ അതിന്റെ മേക്കിംഗൊക്കെ വളരെ ആസ്വദിച്ചാണ് ഞാൻ ചെയ്തത്.
പിന്നെ ബോക്സോഫീസിൽ അതു ചലനം സൃഷ്ടിച്ചില്ല. പല തരത്തിലുള്ള സിനിമകൾ ഞാൻ ആലോചിക്കുന്നുണ്ട ്. പ്രക്ഷകരെ എങ്ങനെ രസിപ്പിച്ചു കഥ പറയാമെന്നാണ് ചിന്തിക്കുന്നത്. ത്രില്ലർ അല്ലാത്ത ചിത്രങ്ങളും പ്രതീക്ഷിക്കാം.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ ചെയ്തു കഴിഞ്ഞു. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?
തമിഴിലും ഹിന്ദിയിലും ചർച്ചകൾ നടക്കുന്നുണ്ട ്. കോവിഡിന്റെ കാലഘട്ടത്തിൽ ഒന്നും പ്ലാൻ ചെയ്യാവുന്ന സാഹചര്യമല്ലല്ലോ. വീട്ടിലിരുന്ന മാസങ്ങളിൽ കുറച്ചു പ്രോജക്റ്റുകൾ ചിന്തിച്ചിരുന്നു. പല ഭാഷകളിലുള്ളതുണ്ട ്. അതിനുള്ള സാധ്യതകളുമായി മുന്നോട്ടു പോകുന്നു.