കൊച്ചി: ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2നെ ഏറ്റെടുത്ത് സിനിമാ ആരാധകർ.
ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുന്പോൾ മികച്ച അഭിപ്രായമാണ് വിവിധ കോണുകളിൽനിന്നുയരുന്നത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ദൃശ്യം 2 ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, മുരളി ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
അർധരാത്രി 12നാണ് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്തത്.
കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.
വ്യാജ പതിപ്പ് ടെലിഗ്രാമിൽ
സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം 2ന്റെ വ്യാജ പതിപ്പും ഇറങ്ങി. ടെലിഗ്രാം ആപ്പിലാണ് വ്യാജ പതിപ്പുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വ്യാജ പതിപ്പിറങ്ങിയത് ദൗർഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു.
നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കിൽ വലിയൊരു ആഘോഷമായി ഇതു മാറിയേനെ.
ചിത്രം മികച്ചതെന്ന അഭിപ്രായം സന്തോഷം നൽകുന്നതാണ്. ദൃശ്യത്തേക്കാൾ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
അത് തന്നെ കൂടുതൽ ഞെട്ടിച്ചെന്നും ജിത്തു ജോസഫ് പറഞ്ഞു. 2013ൽ ഇറങ്ങിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2.
രാജ്യത്തിനകത്തും പുറത്തുമായി വിജയകരമായ ആറ് റീമേക്കുകള് ആദ്യ സിനിമയായ ദൃശ്യത്തിനുണ്ടായിരുന്നു.