‘ദൃശ്യം’ ഇംപാക്ട് ! അയല്‍ക്കാരനെയും കുടുംബത്തെയും അഴിക്കുള്ളിലാക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്തയാള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമ…

അയല്‍ക്കാരനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്ത ഡല്‍ഹി സ്വദേശി.

വടക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന അമര്‍പാല്‍ എന്നയാളാണ് അയല്‍ക്കാരനെ കേസില്‍ കുടുക്കാനായി ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് വ്യാജ വധശ്രമം ആസൂത്രണം ചെയ്തത്.

അമര്‍പാലിനെ ബന്ധുക്കള്‍ തന്നെ വെടിവെക്കുകയും ഈ കേസില്‍ അയല്‍ക്കാരനായ ഓംബിറിനെ പ്രതിയാക്കുകയുമായിരുന്നു ലക്ഷ്യം.

പദ്ധതി നടപ്പായെങ്കിലും സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തിയതോടെ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമര്‍പാലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

ഇത്തരം നാടകങ്ങള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമയാണെന്ന് അമര്‍പാല്‍ മൊഴി നല്‍കി. ഇയാളും അയല്‍ക്കാരനായ ഓംബിറും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ മാസം ഇരുകുടുംബങ്ങളും തമ്മിലുണ്ടായ വഴക്കിനിടെ ഓംബിറിന്റെ അമ്മ കൊല്ലപ്പെട്ടു. ഈ കേസില്‍ അമര്‍പാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

അടുത്തിടെയാണ് ഇയാള്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കൊലക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനായിരുന്നു അമര്‍പാലിന്റെ ശ്രമം.

ഇത് പരാജയപ്പെട്ടതോടെയാണ് അയല്‍ക്കാരനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ തീരുമാനിച്ചത്.

സഹോദരനായ ഗുഡ്ഡു, ബന്ധുവായ അനില്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് അമര്‍പാല്‍ പദ്ധതി ആസൂത്രണം ചെയ്തത്. ദൃശ്യം എന്ന സിനിമയായിരുന്നു പ്രചോദനം.

സിനിമയിലെപോലെ സാക്ഷികളെയും അതിന് അനുകൂലമാകുന്ന രംഗങ്ങളും സൃഷ്ടിച്ചെടുക്കുകയായിരുന്നു ആദ്യഘട്ടം. ഇതിനായി ഓംബിറിന്റെ കുടുംബത്തില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന പ്രചരണം നടത്തി.

നേരിട്ടു കാണുന്ന ഓരോരുത്തരുമായും ഇയാള്‍ ഇക്കാര്യം സംസാരിച്ചു. അങ്ങനെ ഏകദേശം എല്ലാവരും അമര്‍പാലിന്റെ കഥ വിശ്വസിച്ചു.

ഇതിനു ശേഷം അമര്‍പാല്‍ തന്നെയാണ് അത്രയേറേ അപകടകരമല്ലാത്ത നാടന്‍ത്തോക്കും സംഘടിപ്പിച്ചത്. അനിലിന്റെ ഭാര്യസഹോദരനായ മനീഷും പദ്ധതിയുടെ ഭാഗമായി.

തിരക്കേറിയ സ്ഥലത്തുവെച്ച് അനില്‍ അമര്‍പാലിനെ വെടിവെയ്ക്കുകയും വെടിയേറ്റ ശേഷം ഓംബിറിനെതിരേ മൊഴി നല്‍കി അയാളെ കേസില്‍ കുടുക്കാനുമായിരുന്നു സംഘത്തിന്റെ തീരുമാനം.

ഓംബിറിന് അമര്‍പാലിനോട് ശത്രുതയുണ്ടെന്ന കാര്യം നാട്ടുകാര്‍ക്കറിയുന്നതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ സാക്ഷിമൊഴികള്‍ ലഭിക്കുമെന്നും സംഘം കരുതി.

അമര്‍പാല്‍ പതിവായി സന്ദര്‍ശനം നടത്തുന്ന വടക്കന്‍ ഡല്‍ഹിയിലെ ഖൈബര്‍ പാസ് ആണ് ആക്രമണം നടത്താന്‍ സംഘം തിരഞ്ഞെടുത്ത സ്ഥലം.

ഇവിടെയുള്ളവര്‍ക്കെല്ലാം അമര്‍പാല്‍ സുപരിചിതനായിരുന്നു. മാത്രമല്ല, ഓംബിറിന് തന്നോട് ശത്രുതയുണ്ടെന്ന കഥ ഇവരോടെല്ലാം അമര്‍പാല്‍ പല തവണ വിവരിച്ചിട്ടുമുണ്ട്.

അതിനാല്‍ സാക്ഷികളായിട്ടുള്ളവര്‍ തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കുമെന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ.

പദ്ധതിയനുസരിച്ച് അമര്‍പാല്‍ ഖൈബര്‍ പാസിലെത്തി ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വെടിവെപ്പ് നടന്നത്. സാഹചര്യം അനുകൂലമാണെന്ന് തിരിച്ചറിഞ്ഞതോടെ അമര്‍പാല്‍ ഗുഡ്ഡുവിനെ വിളിക്കുകയായിരുന്നു.

തുടര്‍ന്ന് ഗുഡ്ഡുവും അനിലും മനീഷും സ്ഥലത്തെത്തി. അനില്‍ അമര്‍പാലിന് നേരേ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടു.

വെടികൊണ്ട് പരിക്കേറ്റ അമര്‍പാല്‍ തന്റെ സുഹൃത്തിന്റെ അടുത്തേക്കാണ് ഓടിക്കയറിയത്. ശത്രുക്കള്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഇയാള്‍ വിളിച്ചുപറയുകയും ചെയ്തു.

സ്വാഭാവികമായും ഓംബിര്‍ തന്നെയാകും ആക്രമണത്തിന് പിന്നിലെന്ന് എല്ലാവരും കരുതി. എന്നാല്‍, സംഭവത്തില്‍ സംശയം തോന്നിയ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയതോടെയാണ് വ്യാജ വധശ്രമമാണ് നടന്നതെന്ന് കണ്ടെത്തിയത്.

ഇതിനിടെ, വെടിയുതിര്‍ത്ത അനിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അമര്‍പാലിനെയും അറസ്റ്റ് ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് ദൃശ്യം സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്. കേസില്‍ ഉള്‍പ്പെട്ട ഗുഡ്ഡു, മനീഷ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നടത്തുന്ന ആദ്യത്തെ കുറ്റകൃത്യമല്ല ഇത്. മുമ്പും പലരും ഈ ചിത്രത്തെ അനുകരിച്ച് കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

Related posts

Leave a Comment