ദൃശ്യം സിനിമ ഇറങ്ങിയ ശേഷം ആ സിനിമയിലേതിനു സമാനമായ കൊലപാതകങ്ങള്‍ക്കെല്ലാം ദൃശ്യം മോഡല്‍ എന്നാണ് മലയാളികള്‍ പറയുന്നത്.
ഇത്തരത്തില്‍ മധ്യപ്രദേശില്‍ നടന്ന ഒരു ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് പോലീസ്.യുവതിയെ കൊലപ്പെടുത്തി തുറസായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസില്‍ ദന്തഡോക്ടറെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
മൊബൈല്‍ ലോക്കേഷന്റെ അടിസ്ഥാനത്തിലാണ് പ്രതി അശുതോഷ് ത്രിപാദിയെ പൊലീസ് പിടികൂടിയത്. മാസങ്ങളായി കാണാതായ 24കാരിയുടെ മൃതദേഹം വെളിമ്പ്രദേശത്ത് നിന്ന് കണ്ടെടുത്തതാണ് കേസിന് തുമ്പായത്.
ത്രിപാദിയുടെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന വിഭ കെവത്തിന്റേതാണ് മൃതദേഹം എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പോലീസിന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
ഡിസംബര്‍ 14നാണ് യുവതിയെ അവസാനമായി കണ്ടത്. വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വിഭയുടെ മാതാപിതാക്കള്‍ അശുതോഷിനോട് ചോദിച്ചു. വിഭ തന്നെ വിട്ടുപോയതായും ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയെന്നുമാണ് അശുതോഷ് നല്കിയ മറുപടി.
മാതാപിതാക്കള്‍ക്ക് മകളുമായി ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഫെബ്രുവരി ഒന്നിന് മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതിനിടെ സംശയം തോന്നിയ പൊലീസ് ത്രിപാദിയെ ചോദ്യം ചെയ്തു. വിഭ എവിടെ പോയെന്ന് അറിയില്ല എന്നായിരുന്നു മറുപടി.
എന്നാല്‍ യുവതിയെ കാണാതായ ദിവസം ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നതാണ് കേസിന് തുമ്പായത്. തുടര്‍ന്ന് ത്രിപാദിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
വിഭയുമായി അടുപ്പത്തിലായിരുന്നു അശുതോഷ്. അതിനിടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം യുവതി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
യുവതിയെ കഴുത്തുഞെരിച്ചാണ് കൊന്നത്. സംശയം തോന്നാതിരിക്കാന്‍ പട്ടിയുടെ ശവശരീരത്തോടൊപ്പമാണ് വിഭയുടെ മൃതദേഹം കുഴിച്ചിട്ടത്.
പട്ടിയുടെ ശവശരീരം എങ്ങനെ ലഭിച്ചു, കൃത്യത്തില്‍ വേറെ ആളുകള്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് കൂടിവരുന്നതായാണ് കണക്ക്.