മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ദൃശ്യം മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണു തിയറ്ററുകളിൽ ലഭിച്ചത്.
കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ കേരളത്തിലെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ദൃശ്യത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത അധികം പേരിലും സന്തോഷമുണ്ടാക്കിയിരുന്നു.
2013-ൽ റിലീസ് ചെയ്ത ദൃശ്യത്തിന് ഏഴു വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നു പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു.
പുതിയ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കരുതെന്ന നിർമ്മാതാക്കളുടെ നിലപാട് അവഗണിച്ചാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17നു തുടങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കോവിഡ് സമയത്ത് സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങളെല്ലാം അനുസരിച്ചാകും ചിത്രീകരണം ആരംഭിക്കുക. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണ് ദൃശ്യം 2വെന്നാണ് അണിയറക്കാർ പറയുന്നത്. ലോക്ഡൗണിന് ശേഷം തുടർച്ചയായി 60 ദിവസംകൊണ്ട് കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.