ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ചിത്രീകരണം അവസാനിച്ചു. ഷൂട്ടിംഗ് അവസാനിച്ചതോടെ മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നു.
നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ ദുബായ് യാത്ര. സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ട്. ദുബായില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ താരം ജോയിന്‍ ചെയ്യും.
അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.
കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. തൊടുപുഴയിലെ ഹോട്ടലിലാണ് മോഹന്‍ലാലും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും താമസിച്ചത്.
ഷൂട്ടിംഗ് തീരുന്നതു വരെ ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പവൂരാണ് ദൃശ്യം 2 നിര്‍മിക്കുന്നത്.
2015-ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു.
ദൃശ്യത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് രണ്ടാം ഭാഗത്തേക്ക് എത്തിച്ചത് എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും പറയുന്നത്.