തൊടുപുഴ: പഞ്ചായത്ത് സംരക്ഷിച്ചു വരുന്ന സ്വാഭാവിക വനമായ പച്ചത്തുരുത്ത് കൈയേറി സിനിമ ഷൂട്ടിംഗിനായി സെറ്റിട്ടതായി പരാതി.
കുടയത്തൂർ പഞ്ചായത്തിലെ കൈപ്പക്കവലയിൽ ആണ് ജിത്തു ജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയായ ദൃശ്യം-2 വിന്റെ ഷൂട്ടിംഗിനായി സെറ്റിട്ടത്. 2013-ൽ ദൃശ്യം ആദ്യം ചിത്രീകരിച്ചതും ഇവിടെയായിരുന്നു.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമാണ് ഇവിടം. എംവിഐപി അധികൃതർക്ക് നാലരലക്ഷം രൂപ നൽകിയാണ് ഇവിടെ സിനിമയ്ക്കായി സെറ്റ് നിർമിക്കുന്നത്.
സംഭവം വിവാദമായതോടെ പ്രശ്നത്തിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ ഇടപെട്ടു.ഒന്നര വർഷം മുൻപ് പച്ചത്തുരുത്തിനായി ഹരിതകേരളത്തിന് വിട്ടു നൽകിയ സ്ഥലത്ത് സെറ്റിട്ടതാണ് പ്രശ്നത്തിലേക്ക് വഴി വച്ചത്.
തൊഴിലുറപ്പു പദ്ധതിയുടെ സേവനവും മറ്റും ഉപയോഗപ്പെടുത്തി പഞ്ചായത്ത് ഇവിടെ ഒട്ടേറെ വൃക്ഷത്തൈകളും മറ്റും വച്ചു പിടിപ്പിച്ച് സംരക്ഷിച്ചു പോരുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ തൊഴിൽ ദിനങ്ങൾ ഇവിടെ വിനിയോഗിച്ചിരുന്നു.
ഇതിനിടെയാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇവിടെ സിനിമയ്ക്കായി സെറ്റ് നിർമിച്ചത്. പച്ചത്തുരുത്തിൽ സെറ്റിട്ടതിനെ സ്ഥലം പഞ്ചായത്തംഗം ചോദ്യം ചെയ്തു.
എന്നാൽ എംവിഐപി അധികൃതരുടെ അനുമതിയോടെയാണ് തങ്ങൾ സെറ്റ് നിർമിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ മറുപടി നൽകിയതോടെ പഞ്ചായത്തധികൃതർ വിവരം കളക്ടരെ അറിയിച്ചു.
കളക്ടർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്താൻ ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർക്കും എംവിഐപി അധികൃതർക്കും നിർദേശം നൽകി. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ പഞ്ചായത്തിന്റെ പരാതിയിൽ കഴന്പുണ്ടെന്ന് ബോധ്യപ്പെട്ടു.
പിന്നീട് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.എസ്.മധുവിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പച്ചത്തുരുത്തിന് നാശം വരുത്താത്ത രീതിയിൽ സെറ്റ് നിർമിക്കാൻ അനുമതി നൽകുകയായിരുന്നു.
പഞ്ചായത്തിൽ 25000 രൂപ സിനിമക്കാർ അടയ്ക്കുകയും ചെയ്തു. ഇപ്പോൾ വഴിത്തലയിൽ നടന്ന ഷൂട്ടിംഗ് കൈപ്പക്കവലയിലെ സെറ്റ് നിർമാണം പൂർത്തിയായാൽ ഇവിടെ ആരംഭിക്കും.