മുണ്ടക്കയം: കൂട്ടിക്കൽ റോഡിലെ വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു.
പെൻഷൻ വാങ്ങാൻ എത്തിയ റിട്ട. അധ്യാപിക വട്ടക്കാവ് പേഴത്താനിക്കല്ലുറുന്പിൽ നാരായണി (84) നടയിൽ നിന്നു വീണു വലതു കൈ ഒടിയുകയും കാലിനു പരുക്കേൽക്കുകയും ചെയ്തതോടെയാണ് വീണ്ടും ആവശ്യം ശക്തമാകുന്നത്.
രണ്ടാം നിലയിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കെട്ടിടം അപകട സാധ്യത വർധിപ്പിക്കുന്നതായി പരാതി നിലനിന്നിരുന്നു. സബ് ട്രഷറി മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടും നടപടികൾ വൈകുന്നതായി ആക്ഷേപമുണ്ട്.
2012ലാണ് പാർഥസാരഥി ക്ഷേത്രത്തിന് സമീപം ദേവസ്വം ബോർഡിന്റെ വാടക കെട്ടിടത്തിൽനിന്നും കൂട്ടിക്കൽ റോഡിലെ വാടക കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറ്റിയത്.
രണ്ട് ഹാളുകൾ മാത്രമുള്ള കെട്ടിടത്തിൽ 11 ജീവനക്കാരാണുള്ളത്.ഇടുങ്ങിയ നടയും വരാന്തയും സ്ഥല പരിമിതിയും ഇവിടെത്തുന്ന ഇടപാടുകരെ ബുദ്ധിമുട്ടിക്കുന്നു.
ബസ് സ്റ്റാൻഡിൽനിന്നും അരക്കിലോമീറ്റർ സഞ്ചരിച്ച് സബ് ട്രഷറിയിൽ എത്തണമെന്നതും പ്രായമുള്ളവരെ ബുദ്ധിമുട്ടിക്കുന്നു.