കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി കാർ ഓടിച്ചത് രണ്ടു കിലോമീറ്റർ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കാബ് ഡ്രൈവറുമായി 23 വയസുകാരനായ രോഹൻ മിത്തലാണ് കാർ ഓടിച്ചത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് സംഭവത്തിന്റെ വീഡിയോ.
ഗാസിയാബാദിലെ ഇന്ദിരപുരത്തിന് സമീപം ബുധനാഴ്ച രാവിലെ 11നാണ് സംഭവം. നോയിഡ 62ലേക്ക് മടങ്ങിവരികയായിരുന്ന കാബ് ഡ്രൈവർ വിർഭൻ സിംഗിന്റെ കാറിൽ അമിത വേഗതയിലെത്തിയ യുവാവിന്റെ കാർ ഇടിച്ചു. ഇക്കാര്യം ചോദിക്കാനെത്തിയ കാബ് ഡ്രൈവർ യുവാവിന്റെ കാർ തടഞ്ഞു. കാർ റോഡരുകിൽ ഒതുക്കി ശേഷം മിത്തലിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ കാറുമായി വേഗത്തില്‍ ഓടിച്ചുപോകാൻ യുവാവ് ശ്രമിക്കവേ തടയാനായി വാഹനത്തിന്റെ ബോണറ്റില്‍ തൂങ്ങുകയായിരുന്നു വിർഭൻ സിംഗ്. രണ്ടു കിലോമീറ്ററോളമാണ് യുവാവ് കാറോടിച്ചത്. അപ്പോഴുംകാറിന് മുന്നില്‍ തൂങ്ങി കിടക്കുകയായിരുന്നു വിർഭൻ സിംഗ്. ഒടുവിൽ നാട്ടുകാരും പോലീസും ചേർന്നു കാർ തടയുകയായിരുന്നു.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ പ്രതി രോഹൻ മിത്തലിനെതിരെ ഇന്ദിരാപുരം പോലീസ് കേസെടുത്തു. ഐപിസി– 279 (അമിത വേഗത്തിൽ വാഹനമോടിക്കൽ), 307(കൊലപാതകശ്രമം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.