നാദാപുരം: അമിത വേഗത്തിൽ മത്സരിച്ചോടിയ സ്വകാര്യ ബസിൽ നിന്ന് യുവതിയും കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. പുറമേരി സ്വദേശിനി കൂവ്വേരി കുന്നുമ്മൽ പി.പി. ജസ്ന (34), മകൾ അഞ്ച് വയസുകാരി തനുശ്രീ എന്നിവർക്കാണ് പരിക്കേറ്റത്. വടകരയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെസിആർ ബസിൽ പുറമേരിയിൽ നിന്ന് കയറിയതായിരുന്നു ഇവർ. ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മൊബൈലിൽ സംസാരിച്ച് ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് വരുന്നതിനിടെ കക്കം വെള്ളി വളവിലാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷിയായ യാത്രക്കാരി പറഞ്ഞു. ബസിന്റെ മുൻ ഡോറിന് മുകളിലേക്ക് കുട്ടിയുമായി വീണ തോടെ ഡോർ തുറന്നാണ് അപകടം. തലശേരിയിലെ സ്വകാര്യ ആശുപത്രി സ്റ്റാഫ് നേഴ്സായ ജസ്നയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. തനുശ്രീയുടെ മുഖത്തും കൈയ്ക്കുമാണ് പരിക്ക്.
ഇരുവരെയും നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം – മുട്ടുങ്ങൽ റോഡ് വികസനത്തിന്റെ ഭാഗമായി നാദാപുരം മുതൽ പുറമേരി വരെ വീതി കൂട്ടി ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ വാഹനങ്ങൾ അമിത വേഗത്തിലാണെന്ന് നാട്ടുകാർ പറഞ്ഞു.