പയ്യോളി: മത്സര ഓട്ടത്തിനിടെ യാത്രക്കാരിക്ക് ബസില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറുടെ മൊബൈല്‍ വിളിയാണ് അപകട കാരണമെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞതോടെയാണ് നാട്ടുകാര്‍ ബസ് തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചത്.
ബസ് ഡ്രൈവര്‍ കണ്ണൂര്‍ ചേലോറ മവ്വന് ചേരി മാവില വീട്ടില്‍ ലിജു (37) വിനെതിരെ കേസെടുക്കുമെന്ന് പയ്യോളി എസ്ഐ എ.കെ. സജീഷ് പറഞ്ഞു. കോഴിക്കോട് നിന്ന് കണ്ണൂര്‍, കാസര്‍ഗോഡ് റൂട്ടിലോടുന്ന കെഎല്‍13 എജി 6375 ധന്യ ബസ് ഇന്നലെ വൈകീട്ട് ഏഴിന് പയ്യോളിയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
ബസ് പയ്യോളി സ്റ്റാന്‍ഡില്‍ കയറ്റാതെ ആളെ ഇറക്കി ധൃതിയില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരിയിലേക്ക് ടിക്കറ്റ് എടുത്ത പ്രായം ചെന്ന സ്ത്രീ വീണ് കാലിന് പരിക്കേല്‍ക്കുകയായിരുന്നു.
ഇതോടെ ക്ഷുഭിതരായ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കത്തിലായി. പ്രശ്നം അന്വേഷിച്ച നാട്ടുകാരോട് യാത്രക്കാര്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വിളിയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഒന്നില്‍ കൂടുതല്‍ മൊബൈലില്‍ ഡ്രൈവര്‍ കോഴിക്കോട് വിട്ടപ്പോള്‍ മുതല്‍ മാറി മാറി വിളിക്കുന്നുണ്ടായിരുന്നതായി പറയുന്നു. കോഴിക്കോട് നിന്ന് മത്സരിച്ചോടുന്ന ഡ്രൈവര്‍ വഴിയില്‍ ആളെ ഇറക്കാന്‍ നിര്‍ത്തേണ്ടി വരുമ്പോഴും മറ്റ് ബസുകള്‍ മറികടക്കുമ്പോഴും ബസിലെ യാത്രക്കാര്‍ കേള്‍ക്കെ കണ്ടക്ടറെ അസഭ്യം പറയുന്നതായും വനിതാ യാത്രക്കാര്‍ പരാതിപ്പെട്ടു.
പരിക്കേറ്റ യാത്രക്കാരിയെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വടകരയിലേക്ക് മാറ്റി. അതേ സമയം ബസില്‍ സ്ഥലപ്പേരിനൊപ്പം അനധികൃതമായി ‘ഫാസ്റ്റ് ടൈം’ എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്.