തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് പോലീസ് റദ്ദാക്കി. പെരുന്പാവൂർ സ്വദേശി നിഖിൽ മോന്റെ ലൈസൻസാണ് ആറു മാസത്തേക്കു സസ്പെൻഡ് ചെയ്തത്. കാഞ്ഞങ്ങാട്ടേക്കു കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മൈക്കിൽ പാട്ടുപാടിയത്.
കേരള പോലീസിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. “ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് പോലീസ് വിവരം പങ്കുവച്ചത്. ഡ്രൈവർ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോയും പോലീസ് പോസ്റ്റ് ചെയ്തു.
പ്രണയവർണങ്ങൾ എന്ന സിനിമയിലെ ആരോ വിരൽ മീട്ടി എന്ന പാട്ടാണു ഡ്രൈവർ പാടുന്നത്. ഇടത്തേകൈയിൽ സ്റ്റിയറിംഗ് വീൽ പിടിച്ച് വലത്തേകെയിൽ മൈക്ക് പിടിച്ചു കൊണ്ടാണു പാട്ട്.
വിനോദയാത്രയ്ക്ക് പോയ കുട്ടികൾ ഓടുന്ന ബസിന്റെ ഗിയർമാറ്റി മാറ്റിയ സംഭവത്തിൽ ഡൈവർക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. വയനാട് കൽപ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ ലൈസൻസ് ആറ് മാസത്തേക്കാണു സസ്പെൻഡ് ചെയ്തത്. ഇതിനുപിന്നാലെയാണു മറ്റൊരു ഡൈവറുടെയും ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദ് ചെയ്യുന്നത്.
https://www.facebook.com/keralapolice/videos/2975496865793920/