കടുത്തുരുത്തി: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽനിന്നും തെറിച്ചു വീണു വിദ്യാർഥിനിക്കു പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
ഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്കും കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.
കണ്ടക്ടർ കെ.ടി. ജോഷിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് ഇന്നലെ മുതലും ബസ് ഡ്രൈവർ കല്ലറ നികർത്തിൽ സുമേഷ് ശിവന്റെ ലൈസൻസ് ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് വൈക്കം ജോയിന്റ് ആർടിഒ ഇൻചാർജ് പി.ജി. കിഷോർ അറിയിച്ചു.
സാധാരണ അപകടങ്ങൾ ഉണ്ടാകുന്പോൾ ഡ്രൈവർക്കെതിരെയാണ് നടപടികളുണ്ടാവാറുള്ളതെന്ന് അറിയിച്ച മോട്ടോർ വാഹനവകുപ്പ് വിദ്യാർഥിനി ബസിൽനിന്നു വീണു പരിക്കേറ്റ അപകടത്തിൽ കണ്ടക്ടറാണ് പ്രധാന കാരണക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതെന്നും പറഞ്ഞു.
ഐടിസി ജംഗ്ഷനിൽ ഓർഡിനറി ബസുകൾക്കു സ്റ്റോപ്പുണ്ടെന്നും ഇവിടെ കൃത്യമായി ബസുകൾ നിർത്താൻ നടപടിയുണ്ടാകണമെന്ന സെന്റ് മൈക്കിൾസ് സ്കൂൾ അധികൃതരുടെ ആവശ്യം ശ്രദ്ധയിൽപ്പെടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചിട്ടുണ്ട്.
ബസ് ജീവനക്കാരിൽ നിന്നും യാത്രക്കാർക്ക് പ്രത്യേകിച്ചു വിദ്യാർഥികൾക്കു മോശമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് ശക്തമായി ഇടപെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ വിദ്യാർഥിനിയുടെ മൊഴിയെടുത്ത് ബസ് ഡ്രൈവർക്കെതിരേ കടുത്തുരുത്തി പോലീസും കേസെടുത്തിരുന്നു.
കടുത്തുരുത്തി ഐറ്റിസി ജംഗ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒന്പതോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കല്ലറ തെക്കേപ്ലാച്ചേരിൽ ആൽബീന ലിസ് ജയിംസി (17) നാണ് ബസിൽനിന്നു വീണു പരിക്കേറ്റത്.