കണ്ണൂർ: ഡ്രൈവിംഗ് സ്കൂളിനുനേരേ അക്രമം. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തു. കണ്ണൂർ തായത്തെരു റോഡിൽ പ്രവർത്തിക്കുന്ന യുക്തി ഡ്രൈവിംഗ് സ്കൂളിനുനേരേയാണ് അക്രമമുണ്ടായത്. ഇന്നു രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാഹനങ്ങൾ തകർത്തനിലയിൽ കണ്ടെത്തിയത്.
കുറ്റ്യാട്ടൂരിലെ നിതിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡ്രൈവിംഗ് സ്കൂൾ. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകൾ തകർക്കുകയും ഓഫീസിന്റെ പിൻഭാഗത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളും ഓട്ടോറിക്ഷയും മറിച്ചിട്ട നിലയിലുമാണ്.
കാറിന്റെ ടയറുകൾ കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാലോട് രവിയും ജനറൽ സെക്രട്ടറി പ്രസാദ് പൂങ്കുന്നവും ആവശ്യപ്പെട്ടു.