ചെങ്ങന്നൂർ: പതിനൊന്ന് വയസുകാരനെക്കൊണ്ട് തിരക്കേറിയ റോഡിൽ വാഹനം ഓടിപ്പിച്ചയാൾ പിടിയിലായി. കല്യാത്ര വച്ച് ചെങ്ങന്നുർ സബ് ആർടി ഓഫീസിലെ വാഹന പരിശോധക സംഘത്തെ കണ്ട കുട്ടിയുടെ രക്ഷകർത്താവ് തന്ത്രപൂർവം പിൻസീറ്റിലിരുന്നു കൊണ്ട് വാഹന നിയന്ത്രണം ഏറ്റെടുക്കുകയും പരിശോധക സംഘത്തെ മറികടന്നു പോവുകയും ചെയ്തു.
ഇതു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരെ പിൻതുടർന്നപ്പോൾ വീണ്ടും കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിക്കുന്നതായിട്ടാണ് കണ്ടത് ഇതേതുടർന്ന് വാഹനം നിർത്തിച്ച് ഇയാൾക്കെതിരേ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുത്ത് വെണ്മണി പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയുമായിരുന്നു. പ്രായപൂർത്തി ആകാത്ത കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ച ബന്ധുവിന്റെ ലൈസൻസിനെതിരായും നടപടി ശിപാർശ ചെയ്തിട്ടുണ്ട്.
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ പ്രജു, പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂൾ അവധിക്കാലം പ്രമാണിച്ചുള്ള കുട്ടികളുടെ ഡ്രൈവിംഗിനെതിരായി വാഹന ഉടമയ്ക്കെതിരേ ഉൾപ്പടെ പ്രോസിക്യൂഷൻ ഉൾപ്പടെയുളള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജോയിൻറ് ആർടിഒ വി. ജോയി അറിയിച്ചു.