കോഴിക്കോട്: ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
ഓട്ടോ മൊബൈല്‍ അസോസിയേഷനുകളുടെയും മറ്റും പേരില്‍ ഓണ്‍ലൈനില്‍ കിട്ടുന്ന ലൈസന്‍സ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂവെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നതായും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് രാഷ്ട്രദീപികയോട് പറഞ്ഞു.
നിയമാനുസൃതമായ രീതിയില്‍ ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സുള്ളയാളിന് ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് (ഐഡിപി) അപേക്ഷിക്കാം.
ഈ വഴി സ്വീകരിക്കുന്നതിലൂടെ മറ്റു രാജ്യങ്ങളിലും അവര്‍ നിഷ്കര്‍ഷിക്കുന്ന കാലയളവ് വരെ ഐഡിപി ഉപയോഗിച്ച് വാഹനം ഓടിക്കാം.
കാലാവധിയ്ക്കുശേഷം ഐഡിപി ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഓരോ രാജ്യത്തെയും ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങള്‍ വാഹനം ഓടിക്കുന്നതിനു മുന്‍പ് മനസിലാക്കിയിരിക്കണം.
ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആറു മാസം വരെ ഉപയോഗിക്കാം. എന്നാല്‍ ഇതുമാത്രം കൊണ്ട് നിയമപരമായ പൂര്‍ണ സുരക്ഷിതത്വം കിട്ടണമെന്നില്ല.
അതേസമയം ഇന്ത്യയില്‍ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഐഡിപിയുണ്ടെങ്കില് നിശ്ചിത കാലയളവ് വരെ വിദേശത്ത് വാഹനം ഓടിക്കാം.
ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സുള്ളയാളിന് ഐഡിപിക്ക് അപേക്ഷിക്കാം.
അപേക്ഷകന്റെ മേല്‍വിലാസം ഏത് ആര്‍ടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുന്‍പ്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് രീതിയില്‍ അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹന്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഐഡിപി ലഭിക്കും.
സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട്, സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വീസ, പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് തുടങ്ങിയവ സഹിതം അപേക്ഷിക്കാം.
പരിവാഹന്‍ വെബ്സൈറ്റില്‍ “സാരഥി’ ഓപ്ഷന് തെരഞ്ഞെടുത്ത് “അപ്ലൈ ഓണ്‍ലൈന്‍’ ക്ലിക് ചെയ്യുമ്പോള്‍ “സര്‍വീസസ് ഓണ്‍ ഡ്രൈവിംഗ് ലൈസന്‍സ്’ ലഭിക്കും.
ഇതില്‍ “ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്’ സെലക്ട് ചെയ്ത് രേഖകള്‍ അപ്ലോഡ് ചെയ്യണം.
ഇതിനുശേഷം നിര്‍ദിഷ്ട ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസമുള്ള സ്ഥലത്തെ ആര്‍ടി ഓഫിസിനെ സമീപിക്കണം.
രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ ഇവിടെ നിന്ന് ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് അനുവദിക്കും.
ഒരു വര്‍ഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങള്‍ ആറ് മാസമേ അനുവദിക്കുന്നുള്ളൂ. എന്നാല്‍ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഐഡിപിക്ക് ഒപ്പമുണ്ടാകണം.
ഇന്ത്യയില്‍ ഏത് വാഹനം ഓടിക്കാനാണോ ലൈസന്‍സുള്ളത് അതേ ഗണത്തില്‍ പെട്ട വാഹനം മാത്രമേ വിദേശത്തും ഓടിക്കാനാവൂ.