തിരുവനന്തപുരം: സ്മാർട്ട് ലൈസൻസ് കാർഡുകൾ ഇന്നലെ മുതൽ നിലവിൽ വന്നു.മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളുള്ള കാർഡുകളാണ് ഇനി മുതൽ ലഭിക്കുക.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപന ചെയ്ത ലൈസൻസ് കാർഡുകൾക്ക് നിരവധി പ്രത്യേകതകളാണുള്ളത്.
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ്ജി കാർഡിലുള്ള ലൈസൻസുകളിൽ സീരിയൽ നന്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാന്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഉള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. വ്യാജമായി തയാറാക്കാൻ കഴിയാത്തവിധമാണ് രൂപകൽപന.
പഴയ ലാമിനേറ്റഡ് ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റുന്നതിന് ഇപ്പോൾ അവസരമുണ്ട്. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി 200 രൂപയും പോസ്റ്റൽ ചാർജുമാണ് ഈടാക്കുന്നത്.