മാനന്തവാടി: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായ തോടെ കർണ്ണാടകയിൽ നിന്നും എളുപ്പത്തിൽ ലൈസൻസ് തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം നൽകി എജന്റുമാർ ജില്ലയിൽ സജീവമാകുന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്ന ജില്ലയിലെ ഗ്രൗണ്ടുകളിൽ നിരന്തരമായി എത്തുന്ന എജന്റുമാർ വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലൈസൻസ് ആവശ്യമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്.
രണ്ടും മൂന്നും ടെസ്റ്റുകളിൽ പരാജയപ്പെട്ടവരും അവരുടെ രക്ഷിതാക്കളുമാണ് ഇവരുടെ പ്രധാന ഇരകൾ. ഇരുചക്ര വാഹന ലൈസൻസിന് 8500 രൂപയും നാല് ചക്ര വാഹന മുൾപ്പെടെയുള്ള ലൈസൻസിന് 13500 രൂപയുമാണ് ആവശ്യപ്പെടുന്നത്. കർണ്ണാടകയിലെ ട്രാൻസ്പോർട്ട് ഓഫീസിൽ ഉദ്യോഗാർത്ഥി ഒരു തവണ മാത്രം എത്തിയാൽ ലേണേഴ്സ് ടെസ്റ്റോ ഡ്രൈവിംഗ് ടെസ്റ്റോ ഇല്ലാതെ ലൈസൻസ് തരപ്പെടുത്തി കൊടുക്കും.
ഇന്നലെ സംശയാസ്പദമായ രീതിയിൽ മാനന്തവാടി തോണിച്ചാലിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കണ്ട വടകര സ്വദേശികളായ രണ്ട് പേരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ചോദ്യം ചെയ്യുകയും ചെയ്തു.