തിരുവനന്തപുരം: ലൈസൻസ് പ്രിന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറാൻ കേരളം. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ലൈസൻസ് പ്രിന്റ് ചെയ്യുന്നത് നിർത്തലാക്കാൻ ഗതാഗത വകുപ്പ്.
ലൈസൻസ് ബന്ധപ്പെട്ട വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആദ്യ ഘട്ടമായാണ് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കുന്നത്. പിന്നാലെ ആർസി ബുക്ക് പ്രിന്റിംഗും നിർത്തും. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കിയാൽ മതി.
അതേസമയം വാഹന പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശിച്ചു. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം.
പരിവാഹന്‍ വെബ്സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം.ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി ചില നടപടികള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.