ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും! ലൈസന്‍സ് പുതുക്കാന്‍ എന്തു ചെയ്യണം; വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന വിവരങ്ങള്‍; വീഡിയോ കാണാം

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന്റെ പലമടങ്ങ് ബുദ്ധിമുട്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്നത്. വാഹനം ഓടിക്കുന്ന സമയത്തെല്ലാം ഡ്രൈവിംഗ് ലൈസന്‍സ് ഒറിജിനല്‍ തന്നെ കൈയ്യില്‍ കുരുതണമെന്ന നിയമമുള്ളതിനാല്‍ ആളുകളില്‍ നിന്ന് ലൈസന്‍സ് നഷ്ടപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണുതാനും. എന്നാല്‍ ലൈസന്‍സ് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഡൂപ്ലിക്കേറ്റിന് അപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് ആളുകളെ നിരാശരാക്കുന്നുണ്ട്. അതുപോലെ തന്നെ ആളുകള്‍ മറക്കുന്നതും അവരെ ബുദ്ധിമുട്ടിക്കുന്നതുമായ കാര്യമാണ് ലൈസന്‍സ് പുതുക്കുക എന്നത്. ഇത്തരം അവസരങ്ങളില്‍ എളുപ്പത്തില്‍ കാര്യം സാധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളേവയെന്ന് നോക്കാം…

എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ ഡുപ്ലിക്കേറ്റിനു അപേക്ഷിക്കാന്‍ ഇനി വളരെ എളുപ്പമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പഴയതു പോലെ വലിയ ബുദ്ധിമുട്ടുള്ളതും ആളെ കറക്കുന്നതുമായ സംഭവങ്ങള്‍ ഒന്നും തന്നെ ഇനിയില്ല. ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത് ഇതാണ്… അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ MVD ഇ സേവാകേന്ദ്രങ്ങള്‍ വഴിയോ ലൈസന്‍സ് നമ്പര്‍ കൊടുത്ത് ഓണ്‍ലൈനായി 550 രൂപ അടച്ച് അപേക്ഷ പ്രിന്റെടുക്കണം. അതിനു ശേഷം ഈ അപേക്ഷ ബന്ധപ്പെട്ട RTO/JRTO ഓഫീസുകളില്‍ നേരിട്ടു തന്നെ പോയി സമര്‍പ്പിക്കുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ എതെങ്കിലും ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് എടുത്തുകൊണ്ട് വേണം ആര്‍ ടി ഓഫീസില്‍ പോകേണ്ടത്. ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള സംശയം ലൈസന്‍സിന്റെ നമ്പര്‍ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നല്ലേ. അതിനും ഒരു മാര്‍ഗ്ഗമുണ്ട്. നിങ്ങള്‍ ലൈസന്‍സ് എടുത്ത ആര്‍ടി ഓഫീസില്‍ പോയ ശേഷം ജനന തീയതിയും പേരും പറഞ്ഞാല്‍ അവര്‍ക്ക് സെക്കന്റുകള്‍ കൊണ്ട് ലൈസന്‍സ് നമ്പര്‍ പറഞ്ഞു തരാന്‍ കഴിയും.

അതേസമയം ലൈസന്‍സ് പുതുക്കുന്നതിനായി ചെയ്യേണ്ടിതിതൊക്കെയാണ്… ലൈസന്‍സില്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും കാലാവധി പ്രത്യേകം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. കാലാവധിക്കു ശേഷവും വാഹനം ഓടിക്കണം എന്നുണ്ടെങ്കില്‍ ലൈസന്‍സ് പുതുക്കുക തന്നെ വേണം. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള കാലാവധി അന്‍പത് വയസ് കഴിഞ്ഞവര്‍ക്ക് 5 വര്‍ഷവും അല്ലാത്തവര്‍ക്ക് 20 വര്‍ഷവും അല്ലെങ്കില്‍ 50 വയസുവരേയോ ആയിരിക്കാം.

കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിനു വേണ്ടി ഫോറം-9 (APPLICATION FOR THE RENEWAL OF DRIVING LICENCE) ല്‍ ഉള്ള അപേക്ഷയ്‌ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടാതെ നേത്രരോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയും ഹാജരാക്കണം. 250 രൂപ ആയിരിക്കും ഫീസ്. ലൈസന്‍സിന്റെ കാലാവധിക്കു മുമ്പ് തന്നെ പുതുക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് എന്നത് ഓര്‍ത്തോളൂ. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് അഞ്ചു വര്‍ഷത്തേയ്ക്ക് പുതുക്കി നല്‍കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് 3 വര്‍ഷത്തേക്കും പുതുക്കി കിട്ടും.

കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ആണ് പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതെങ്കില്‍ ലൈസന്‍സ് സാധ്യത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതല്‍ പുതുക്കി ലഭിക്കുന്നതായിരിക്കും . 30 ദിവസം കഴിഞ്ഞാലോ അപേക്ഷിച്ച തീയതി മുതലായിരിക്കും പ്രാബല്യം ലഭിക്കുക. കാലാവധിക്കുശേഷം 5 വര്‍ഷവും 30 ദിവസവും കഴിയുകയാണെങ്കില്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിനു ഹാജരായി വിജയിച്ചാല്‍ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കണം.

ലൈസന്‍സിനു കേടുപാടു പറ്റുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ RT ഓഫീസില്‍ വേണം അപേക്ഷ നല്‍കാന്‍. അഡ്ഡ്രസ്സ് പ്രൂഫിനൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നല്‍കുകയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസന്‍സ് നഷ്ടപ്പെട്ടതാണെങ്കിലോ ലൈസന്‍സിംഗ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നല്‍കണം. ലൈസന്‍സിന് കേടുപാടു പറ്റിയെങ്കില്‍ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

 

Related posts