മഴക്കാലത്ത് പാടം, നദീതീരം, തോടുകള്‍ എന്നിവയില്‍നിന്ന് വെള്ളം റോഡില്‍ കയറാന്‍ സാധ്യതയേറെ. കഴിവതും രാത്രിയാത്ര ഒഴിവാക്കുക. യാത്ര ആവശ്യമെങ്കില്‍ വേഗം കുറയ്ക്കുക. കാഴ്ച മങ്ങുകയോ വെള്ളക്കെട്ടിന് സാധ്യതയോ കണ്ടാല്‍ നിർത്തി റോഡ് സുരക്ഷിതമെന്ന് ഉറപ്പാക്കുക.
പാലങ്ങളിലും കലുങ്കുകളിലും വെള്ളം കയറിയിട്ടുണ്ടെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. ഒഴുക്ക് ശക്തമാകാനും തടയും ചപ്പും തടയാനും സാധ്യതയേറെയാണ്.
മഴക്കാലത്ത് ഇലക്ട്രിക്കല്‍ ഭാഗങ്ങളും ബ്രേക്കും ടയറും പരിശോധിക്കണം. കാഴ്ച കുറയുമെന്നതിനാല്‍ ലൈറ്റുകളും ബാറ്ററിയും നല്ല അവസ്ഥയിലായിരിക്കണം.
ടയറുകളില്‍ അമിത മര്‍ദം പാടില്ല. വൈപ്പറുകള്‍ നല്ല നിലയിലായിരിക്കണം. നാലു ചക്രവാഹനങ്ങളില്‍ എസി ഇട്ടാല്‍ ഗ്ലാസിലെ ഈര്‍പ്പം ഒഴിവാകും. ബസര്‍ (കത്തുകയും കെടുകയും ചെയ്യുന്നത്) ഇടാന്‍ അനുവാദമില്ല. ഫോഗ് ലൈറ്റോ ഹെഡ് ലൈറ്റോ സാഹചര്യമനുസരിച്ച് ഉപയോഗിക്കാം.
ഹെല്‍മറ്റ് കാഴ്ച മറയ്ക്കരുത്. അമിതവേഗം പാടില്ല. ബ്രേക്ക് മോശമെങ്കില്‍ സര്‍വീസ് വൈകിക്കരുത്.
വെള്ളക്കെട്ടുണ്ടെങ്കില്‍ സൈലന്‍സര്‍ വെള്ളത്തില്‍ മുങ്ങാതെ നോക്കണം. ജലനിരപ്പു സൈലന്‍സറിനു മുകളിലാണെങ്കില്‍ ആക്സിലേറ്റര്‍ കൊടുത്തുവേണം വാഹനമോടിക്കാന്‍.- ടയര്‍ നിരപ്പിനു മുകളിലാണ് വെള്ളമെങ്കില്‍ ചെറുവാഹനങ്ങള്‍ ഡ്രൈവിംഗ് ഒഴിക്കണം. കാര്‍, ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ ഫസ്റ്റ്, സെക്കന്‍ഡ് ഗിയറുകളില്‍ ഓടിക്കുക. വെള്ളത്തില്‍നിന്ന് കയറുംവരെ യാതൊരു കാരണവശാലം ഗിയര്‍ മാറരുത്. ആക്സിലേറ്റര്‍ ഒരേ പവറില്‍ ചവിട്ടിനീങ്ങുക.
എന്ജിന് ഓഫായി ഒഴുക്കില്‍പ്പെടുന്ന സാഹചര്യത്തില്‍ നീന്തിയോ സഹായം തേടിയോ രക്ഷപ്പെടുക.
റോഡിലെ കാഴ്ച മങ്ങുംവിധം പെരുമഴയാണെങ്കില്‍ വാഹനം ഒതുക്കി ശമനംവരുംവരെ കാത്തുകിടക്കുക. കാഴ്ചപരിമിതിയുള്ളവര്‍ ഡ്രൈവിംഗ് ഒഴിവാക്കുക.
ഗൂഗിള്‍ മാപ്പ്: ശ്രദ്ധിക്കുക…
1 ടൂവീലറാണോ ത്രീവീലറാണോ അതോ കാല്നടയാണോ യാത്രാ രീതിയെന്നു കൃത്യമായി തെരഞ്ഞെടുക്കുക.
2 വഴി തെറ്റപ്പോകാതിരിക്കാനായി ആഡ് സ്റ്റോപ് ഉപയോഗിക്കാം.
3 ദീര്‍ഘദൂരയാത്രയില്‍ നമുക്കറിയാവുന്ന സ്റ്റോപ്പുകള്‍കൂടി ഉള്‍പ്പെടുത്തുക.
4 രാത്രിയാത്രകളില്‍ ഹൈവേയോ പ്രധാനവഴികളോ ഉപയോഗിക്കുക, പ്രത്യേകിച്ചും അപരിചിതമേഖലകളില്‍ വഴി തെറ്റുന്നതും ശ്രദ്ധിക്കുക. വഴി തെറ്റിയാല്‍ റീറൂട്ട് എന്ന ഓപ്ഷന് വഴി ഗൂഗിള്‍ മറ്റൊരു വഴി സ്വയം തെരഞ്ഞെടുക്കും.
5 ഗൂഗിള്‍ മാപ്പ് അപ്ഡേറ്റുകള് കൃത്യമായി ചെയ്യുക
6 മികവുറ്റ നാവിഗേഷന്‍ ലൊക്കേഷന്‍ ഹൈ ആക്യുറസിയില്‍ വയ്ക്കണം.