മട്ടന്നൂർ: മൊബൈൽ ഫോണിൽ സംസാരിച്ചു അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. അണ്ടല്ലൂർ – പെരളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഹരി ബസ് ഡ്രൈവർ മാറോളിയിലെ നിഖിലിലാണ് തലശേരി അഡീഷണൽ ലൈസൻസിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ പെരളശേരിയിലേക്ക് ബസ് സർവീസ് നടത്തുന്നതിനിടെയാണ് ഡ്രൈവർ നിഖിൽ മൊബൈൽ ഫോണിൽ സംസാരിച്ചത്. പെരളശേരി അമ്പലത്തിലേക്ക് പോകുകയായിരുന്ന യാത്രക്കാർ നിഖിൽ ഫോണിൽ സംസാരിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി വാട്ട്സ് അപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വാട്സ് അപ്പ് നമ്പറിൽ വീഡിയോ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. ലൈസൻസ് റദ്ദ് ചെയുന്നതിന്റെ മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
ബസ് ഓടിക്കുമ്പോൾ ഡ്രൈവറുടെ എതിരെയുള്ള സീറ്റിലിരിക്കുന്ന യാത്രക്കാർ നിരവധി തവണ ഡ്രൈവറോട് ഫോണിൽ സംസാരിച്ചു ബസ് ഓടിക്കരുതെന്നു പറഞ്ഞിട്ടും അപകട മുണ്ടാക്കുന്ന വിധത്തിൽ അമിത വേഗതയിൽ ഡ്രൈവ് ചെയ്യുകയാണുണ്ടാതെന്നു വീഡിയോ യെടുത്തവർ വാട്സ് അപ്പിൽ പ്രചരിപ്പിച്ച സന്ദേശത്തിൽ പറയുന്നു.
മൂന്ന് മാസം മുമ്പ് ഇരിട്ടി – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചു ഡ്രൈവ് ചെയ്തതിനു ലൈസൻസ് റദ്ദ് ചെയ്തിരുന്നു. തിരക്കുള്ള ബസിലെ ഡ്രൈവർമാർ ഉൾപ്പെടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വർധിച്ചിരിക്കുകയാണ്.