കോഴിക്കോട്: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസും മോട്ടോര്‍വാഹനവകുപ്പും പരിശോധന കര്‍ശനമാക്കി. ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നു. അതിനാല്മൊബൈല്ഫോണില്സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗിനെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും തീരുമാനിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം.
എന്നാല്‍ ഡ്രൈവിംഗിനിടെ പലരും ഫോണ്‍ ചെവിയില്‍ വയ്ക്കാതെ ഹാന്‍ഡ്സ് ഫ്രീ ആയാണ് ഉപയോഗിക്കുന്നത്. ഇത് കുറ്റകരമല്ലെന്ന ധാരണയിലാണ് ഇപ്രകാരം ചെയ്യുന്നത്. ഏതു രീതിയിലും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നത് സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. ഇപ്രകാരം ഫോണ്‍ ഉപയോഗിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 19 പ്രകാരം ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി. പോലീസും ഇതുസംബന്ധിച്ചുള്ള അറിയിപ്പ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്.
മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടും. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ് സ്പീക്കര്‍ എന്നിങ്ങനെ ഏത് രീതിയിലായാലും ഡ്രൈവിംഗിനിടെ ശ്രദ്ധ വ്യതിചലിക്കും. ഇത് അപകടങ്ങള്‍ക്ക് കാരണവുമാവും. ഈ സാഹചര്യത്തിലാണ് ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാല്‍, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിംഗില്നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുതെന്നാണ് നിയമം.