കോട്ടയം: ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ലോക്ഡൗണിനു മുന്പ് ലേണേഴ്സ് എടുത്തു ടെസ്റ്റ് പാസായവർ ആശയക്കുഴപ്പത്തിൽ. ജില്ലയിൽ 5000ത്തോളം പേരാണ് ലേണേഴ്സ് എടുത്തു ടെസ്റ്റിനായി കാത്തിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഇനിയും മാസങ്ങൾ വേണമെന്നിരിക്കെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ലേണേഴ്സ് എടുത്തവർ മുൻഗണന നേടുന്പോൾ ഇനി പിരിശീലനം നേടുന്നവരുടെ ടെസ്റ്റ് എന്നു നടത്താമെന്നത് അനിശ്ചിതത്തിലാണ്. ഒരു സ്ഥലത്ത് 35 പേരിൽ കൂടുതൽ പേർക്ക് ടെസ്റ്റ് നടത്താൻ പാടില്ല എന്നുള്ള നിയന്ത്രണം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നത്. പരിശീലന സമയത്ത് ഒരാൾ മാത്രമേ വാഹനത്തിലുണ്ടാകൂ.
ഒരാളുടെ പരിശീലനത്തിനു ശേഷം മാത്രം മറ്റൊരാൾ എന്നതു സമയ- ഇന്ധന നഷ്ടത്തിന്റെ തോത് വർധിപ്പിക്കുമെന്നിരിക്കെ ഡ്രൈവിംഗ് സ്കൂളുകൾക്കു വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്.
ജില്ലയിൽ 200ഓളം ഡ്രൈവിംഗ് സ്കൂളുകളാണ് ലോക്ഡൗണിനു മുന്പ് പ്രവർത്തിച്ചിരുന്നത്. വലിയ പ്രതിസന്ധികളാണ് ഈ മേഖലയിലുള്ളവർ ഇപ്പോൾ നേരിടുന്നത്. പരിശീലന വാഹനങ്ങളുടെ അറ്റകുറ്റപ്പണികളാണ് പ്രധാന പ്രശ്നം.
ഓടാതെ കിടന്നു പലവാഹനങ്ങളുടെയും ബാറ്ററിയും ഉൗരിവെക്കാത്ത ടയറുകൾ ഉറഞ്ഞും നശിച്ചു. പരിശീലനം നടത്താതിരുന്ന് ഗ്രൗണ്ടുകളും ഇരുചക്ര വാഹനങ്ങളും കാടു കയറിയ നിലയിലാണ്. വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഓഫീസ് പൂട്ടി താക്കോൽ കൊടുത്തവരുമുണ്ട്.