കോട്ടയം: ഡ്രൈവിംഗ് സ്കൂൾ പരിശീലകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ പ്രഖ്യാപത്തിനുശേഷം ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികൾ. ജില്ലയിൽ ഏകദേശം 400 ഡ്രൈവിംഗ് സ്കൂളുകളിലായി ആയിരത്തോളം ജീവനക്കാരുണ്ട്.
ഇവരുടെ കുടുംബം പട്ടിണിയിലാണ്. പലരുടെയും വാഹനങ്ങളുടെ ലോണ്‍, മറ്റു ലോണുകൾ തുടങ്ങിയവയെല്ലാം മുടങ്ങി. പല പരിശീലന മൈതാനങ്ങളിലും ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ ഉപയോഗിക്കാതെ കിടക്കുകയാണ്.
ഇനി അവ ഉപയോഗിക്കണമെങ്കിൽ തന്നെ അറ്റകുറ്റപണി നടത്തണം. ഇതിനും സാധിക്കാത്ത സാഹചര്യമാണ്. ഈ സമയത്താണ് വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നത്. ഇത് നഷ്ടപെട്ടതോടെ വലിയ സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
അതിനാൽ മേഖലയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്തി ക്ഷേമനിധി രൂപീകരിക്കണമെന്നും ലോക്ക്ഡൗണിനുശേഷം നിലവിൽ ലേണേഴ്സ് ലൈസൻസുള്ളവരുടെ ഡ്രൈവിംഗ് ടെസ്റ്റ് സമയബദ്ധിതായി പൂർത്തീകരിക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് വി.എസ്. ഓമനക്കുട്ടൻ, സെക്രട്ടറി എ.എം. ബിനു എന്നിവർ ആവശ്യപ്പെട്ടു.