ഇരിങ്ങാലക്കുട: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) ഡ്രൈവിംഗ് സ്കൂൾ ഉടമയായ സ്ത്രീയെ ഓഫീസിനുള്ളിൽ മർദിച്ചതായി പരാതി. തന്നെ മർദിച്ചതിലും സ്ത്രീത്വത്തെയും അപമാനിച്ചതിലും പ്രതിഷേധിച്ച് ഡ്രൈവിംഗ് ഉടമ പോലീസിലും വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി.
വെള്ളാങ്കല്ലൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് ഇരിങ്ങാലക്കുട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാറിനെതിരെ പരാതി നൽകിയത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് എംവിഇക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമ മുന്പ് നിരവധി പരാതികൾ നൽകിയിരുന്നു.
ഈ പരാതികളാണ് എംവിഐയും ഡ്രൈവിംഗ് സ്കൂൾ ഉടമയും തമ്മിലുള്ള വൈരാഗ്യത്തിനു കാരണം. ഇതിന്റെ പേരിൽ ഈ സ്ഥാപനത്തിലെ പഠിതാക്കളെ ഓരോ കാരണങ്ങൾ പറഞ്ഞ് തോൽപ്പിക്കുകയായിരുന്നെന്ന് ഉടമ ആരോപിക്കുന്നു. റോഡ് ടെസ്റ്റ് നടത്തുന്പോഴാണ് മിക്കപ്പോഴും പഠിതാക്കളെ തോൽപ്പിക്കുന്നത്. ഈ സ്ഥാപനത്തിലെ പഠിതാക്കൾക്കെതിരെ ടെസ്റ്റ് ഗ്രൗണ്ടിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉടമ പരാതിയിൽ പറയുന്നു.
ഇതിനിടെ ഈ സ്ഥാപനത്തിന്റെ ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ഉപദ്രവിച്ച സംഭവത്തിൽ ചോദിച്ചറിയാൻ ഓഫീസിൽ ചെന്നപ്പോഴാണ് ഡ്രൈവിംഗ് സ്കൂൾ ഉടയെ എംവിഐ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇരിങ്ങാലക്കുട ആർടി ഓഫീസിലെ ലേണേഴ്സ് ഹാളിലാണ് സംഭവം നടന്നത്.
തലയിടിച്ചു വീണ ഉടൻ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിംഗ് സ്കൂൾ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. എന്നാൽ തന്നെ തേജോവധം ചെയ്യുന്നതിനായി വ്യാജ പരാതികൾ സൃഷ്ടിച്ചെന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇതിനെതിരെ പ്രതികരിച്ചത്.