കോട്ടയം: കോവിഡിനു ശേഷം ഡ്രൈവിംഗ് സ്കൂളുകളിലെ വണ്ടികൾ ഓടി തുടങ്ങി. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ മുതലാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം ആരംഭിച്ചത്.
കോവിഡിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് 11നാണ് ഡ്രൈവിംഗ് സ്കൂളുകൾ പൂട്ടിയത്. ഇതോടെ ഡ്രൈവിംഗ് സ്കൂളുകൾ നടത്തി ഉപജീവനം നടത്തിയിരുന്നവർ പട്ടിണിയിലായിരുന്നു.
പരിശീലനം നടത്തുന്ന സ്കൂട്ടറുകൾ പരിശീലന ഗ്രൗണ്ടുകളിൽ കാടുപിടിച്ചു. പലതിന്റെയും ബാറ്ററിയും പോയി. കാറുകളുടേയും അവസ്ഥ സമാനം. പലരും വാടക കെടുക്കാൻ കഴിയാതെ ഓഫീസ് പൂട്ടി താക്കോൽ കൈമാറിയിരുന്നു.
ആറു മാസത്തിനു ശേഷം സർക്കാർ കഴിഞ്ഞ ദിവസമാണ് ഡ്രൈവിംഗ് സ്കൂളുകളുടെ നിയന്ത്രണങ്ങൾ മാറ്റിയത്.കണ്ടെയൻമെന്റ് സോണ്, മറ്റ് നിരോധിത മേഖലകൾഎന്നിവിടങ്ങളിൽ നിന്നുള്ളവരെ പരിശീലനത്തിലും ടെസ്റ്റിലും പങ്കെടുപ്പിക്കില്ല.
ചുമ, പനി, മറ്റ് ലക്ഷണങ്ങളുള്ളവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി 14ദിവസം കഴിയാത്തവർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്കും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയില്ല. റോഡ്് ടെസ്റ്റിനു വരുന്നവർ കൈയിൽ സാനിറ്റെസർ കരുതണം. മാസ്ക് ധരിക്കണം.
റോഡ് ടെസ്റ്റിൽ ഉദ്യോഗസ്ഥനൊപ്പം ഒരു പരീക്ഷാർഥി മാത്രമേ വാഹനത്തിൽ കയറാവൂ. ഉദ്യോഗസ്ഥരും പരിശീലകരും മാസ്ക്, ഗ്ലൗസ്, ഫെയ്്സ് ഷീൽഡ് എന്നിവ ധരിക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിച്ചാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനം.
നിയന്ത്രണങ്ങൾ പാലിച്ച് എങ്ങനെ മുന്നോട്ടു പോകും ?
കോട്ടയം: സർക്കാർ മാനദണ്ഡം അനുസരിച്ച് എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണു ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കുള്ളത്. പരിശീലന സമയത്ത് ഒരാൾ മാത്രമേ വാഹനത്തിലുണ്ടാകാവൂ എന്നതാണു പ്രധാന നിബന്ധന.
മുന്പു വാഹനത്തിൽ കൂടുതൽ പേരെ കയറ്റി മാറി മാറി പരിശീലനം കൊടുക്കുകയായിരുന്നു പതിവ്. ഒരാൾ മാത്രമാകുന്പോൾ പരിശീലനം കഴിഞ്ഞ് അയാളെ ഇറക്കിയശേഷമേ അടുത്ത ആളെ കയറ്റാനാവൂ.
ഇതു സമയ നഷ്ടത്തിനും കൂടുതൽ ഇന്ധന ചെലവിനും കാരണമാകുമെന്നാണ് സ്കൂൾ ഉടമകൾ പറയുന്നത്.പരിശീലനം നടത്തിയാലും നിലവിലെ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കാൻ മൂന്ന് മാസത്തിന് മുകളിൽ വേണമെന്നാണു സൂചന.
ലോക്ക് ഡൗണിനു മുൻപു ലേണേഴ്സ് എടുത്തു ടെസ്റ്റിനു സജ്ജമായ ആയിരക്കണക്കിനാളുകലുണ്ട്. ഇവർക്കാണു മുൻഗണന. കോവിഡ് മൂലം ഒരു സ്ഥലത്ത് 35 ൽ കൂടുതൽ പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താനും കഴിയില്ല.