കായംകുളം: തിരക്കേറിയ റോഡിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയതിനു പിടിയിലായ യുവാക്കൾക്ക് എട്ടുദിവസത്തെ കർശന പരിശീലനത്തിന് ജില്ലാ ആർടിഒ എ. കെ. ദിലു മാതൃകാപരമായി ശിക്ഷിച്ചു. കേരള മോട്ടോർ വാഹനവകുപ്പിന്റെ ഐഡിടിആർ സെന്റർ ആയ ഡ്രൈവർ ട്രെയിനിംഗ് റീസേർച്ച് ഇൻസ്റ്റിട്യൂട്ടിലാണ് ഇവർക്ക് പരിശീലനം.
റോഡ് സുരക്ഷ, വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദ, കാൽനട യാത്രക്കാരോടും മറ്റും കാണിക്കേണ്ട അനുകമ്പ, കരുതൽ, പ്രതിപക്ഷബഹുമാനത്തോടെ നിരത്തുകളിൽ വാഹനം ഓടിക്കാനുള്ള അറിവ്എ ന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം.
അഭ്യാസപ്രകടനം നടത്തിയവരിൽ ഒരാൾ18 വയസ് പൂർത്തിയാകാത്ത ആളും ബാക്കിയുള്ളവർ 20 വയസിൽ താഴെയുള്ളവരുമാണ്. 18 വയസിൽ താഴെയുള്ള ആളെ പരിശീലനത്തിൽനിന്ന് ഒഴിവാക്കി.
പരിശീലനം പൂർത്തിയായി വരുമ്പോൾ മാത്രമേ കസ്റ്റഡിയിൽ ഉള്ള വാഹനം വിട്ട് നൽകു. വാഹനം ഓടിച്ച ഓച്ചിറ സ്വദേശി മർഫിൻ അബ്ദുൽ റഹീം എന്നയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കഴിഞ്ഞ ദിവസമാണ് കായംകുളം കെപി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോർ വിൻഡോയിൽ ഇരുന്ന് തല പുറത്തേക്കിട്ട് അപകടകരമാം വിധമാണ് യുവാക്കളുടെ സംഘം അഭ്യാസപ്രകടനം നടത്തിയത്.
അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ മോട്ടോർ വാഹനവകുപ്പ് മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജിന്റ് നേതൃത്വത്തിൽ മാതൃകാ ശിക്ഷണ നടപടി സ്വീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ്, പത്തനാപുരം ഗാന്ധിഭവൻ എന്നിവിടങ്ങളിൽ സന്നദ്ധ സേവനം ചെയ്ത് വരാൻ യുവാക്കൾക്ക് നിർദേശം നൽകി. വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.