കാസര്‍ഗോഡ്: എന്തൊക്കെയായിരുന്നു, കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ച് ലൈസന്‍സെടുക്കുന്ന കാലമൊക്കെ കഴിയുന്നു. ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് കാസര്‍ഗോഡും വരുന്നു.
ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയും വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമൊക്കെ ഇനി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ നടക്കും. ബദിയടുക്കയ്ക്കടുത്തുള്ള ബേള എന്ന ചെറുഗ്രാമത്തിന്റെ മുഖം മാറുന്നു… അങ്ങനെ എന്തെല്ലാം പ്രതീക്ഷകള്‍, പ്രഖ്യാപനങ്ങള്‍.
4.2 കോടി രൂപ മുടക്കി ബേളയിലെ ഒന്നരയേക്കര്‍ സ്ഥലത്ത് നിര്‍മിച്ച അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പിനു കൈമാറിയത് 2020 ഫെബ്രുവരി 14 നാണ്. ഇനി ആഴ്ചകള്‍ക്കുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റുകളെല്ലാം അങ്ങോട്ട് മാറുമെന്നായിരുന്നു പ്രഖ്യാപനം.
ഒന്നുകൂടി കടന്ന് കാഞ്ഞങ്ങാട് ഗുരുവനത്തും വെള്ളരിക്കുണ്ട് പരപ്പയിലുമൊക്കെയുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും അധികം വൈകാതെ ഇതേ സാങ്കേതികവിദ്യയിലുള്ള സംവിധാനം സ്ഥാപിക്കുമെന്നുവരെ പ്രഖ്യാപനമുണ്ടായി.
മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ എല്ലാം അറിയാമെന്നാണ് വയ്പ്പെങ്കിലും പുതിയ സംവിധാനം ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റും വാഹനപരിശോധനയും നടത്തുന്നതിന് ചെറിയൊരു പരിശീലനത്തിന്റെ കുറവുണ്ടെന്നും അത് പരിഹരിക്കാന്‍ ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളില്‍ അങ്ങ് ജര്മനിയില്നിന്നുതന്നെ ആളെത്തുമെന്നും അതിനാണ് കാത്തിരിക്കുന്നതെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പറഞ്ഞറിഞ്ഞു.
അപ്പോഴാണ് കോവിഡ് വന്നത്. മൊത്തം ലോക്ഡൗണായി. ജര്‍മന്‍കാര്‍ക്ക് ഇങ്ങോട്ട് വരാന്‍ പറ്റാതെയായി. അങ്ങനെയങ്ങനെ കോവിഡിനൊപ്പം ജീവിച്ച് രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയി.കാസര്‍ഗോട്ടെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇപ്പോഴും വിദ്യാനഗര്‍ സ്റ്റേഡിയത്തിനടുത്ത് കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയില്‍ നടന്നുപോകുന്നു.
രണ്ടു വേനലും അതിനിടയില്‍ തോന്നിയ സമയത്തെല്ലാം മഴയും പെയ്യുന്നതിനിടെ ബേളയിലെ ആധുനിക ടെസ്റ്റ് ഗ്രൗണ്ടില്‍ കാടുകയറാന്‍ തുടങ്ങി. ചില ഉപകരണങ്ങള്‍ തുരുമ്പെടുത്തു. ഒരു വര്‍ഷത്തെ ബില്‍ കുടിശികയായതോടെ കെഎസ്ഇബി അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
അത് മോട്ടോര്‍വാഹനവകുപ്പിന് നാണക്കേടായതിനാല്‍ എങ്ങനെയൊക്കെയോ പണമടച്ച് അത് പുനഃസ്ഥാപിച്ചു. ഇടയ്ക്കിടെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബേളയിലെത്തി കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളെല്ലാം അവിടെത്തന്നെയുണ്ടോ എന്ന് നോക്കുന്നുണ്ട്. അങ്ങനെ കാലം പോകുന്നു.
കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് ആൻഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം ഇതുവരെ ജില്ലയിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്നും പരിശീലനം നല്‍കേണ്ടത് ജര്‍മന്‍ സാങ്കേതിക വിദഗ്ധരോ അവര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയോ ആണെന്നും ആര്‍ടിഒ എ.കെ. രാധാകൃഷ്ണന് അറിയിച്ചു.
സ്ഥാപനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കേണ്ടതും ബന്ധപ്പെട്ട ഏജന്‍സിയാണ്. നിലവിലുള്ള അവസ്ഥ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അടിയന്തര പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.