തിരുവനന്തപുരം: സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ മാറ്റം. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.
ഡ്രൈവിംഗ് സ്കൂളുകളുടെ പരിശോധനയില്‍ അവിടെ ഇന്‍സ്ട്രക്ടറുമാരുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് ഇന്‍സ്ട്രക്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടുപോയിരുന്നെങ്കിലും സിഐടിയു സമരവുമായി മുന്നോട്ടുപോകുകയായിരുന്നു.
കഴിഞ്ഞ പത്ത് ദിവസമായി സിഐടിയു സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുതുക്കിയിരിക്കുന്നത്. ഇതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം നിർത്തിയേക്കും.