കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിര്‍ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സ്റ്റേ അനുവദിക്കുന്നത് ഹൈക്കോടതി നിരാകരിച്ചു.
സര്‍ക്കുലറിന് സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്നാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്കിയ നാല് ഹര്‍ജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ഈ സാഹചര്യത്തില്‍ 4/2024 സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ വിധി വരുന്നതുവരെ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്.
ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.