തലശേരി: തലശരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ മോട്ടോർ വാഹന വകുപ്പ്. പതിറ്റാണ്ടുകളായി ഡ്രൈവിംഗ് ടെസ്റ്റും വാഹന രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയും ഉൾപ്പെടെ നടത്തിയിരുന്ന ധർമടത്തെ ബ്രണ്ണൻ കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് സിന്തറ്റിക് സ്റ്റേഡിയം നിർമാണം ആരംഭിച്ചതാണ് മോട്ടോർ വാഹന വകുപ്പിന് ഇരുട്ടടിയായത്. .വിശാലമായ ഗ്രൗണ്ട് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾക്ക് ഏറെ അനുയോജ്യമായിരുന്നു.
എന്നാൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെയുള്ള സിന്തറ്റിക് സ്റ്റേഡിയം നിർമാണം ആരംഭിച്ചതോടെ മോട്ടോർ വാഹന വകുപ്പിന് സ്റ്റേഡിയം പൂർണമായും ഒഴിഞ്ഞ് കൊടുക്കേണ്ടതായി വന്നു .2017 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. അന്ന് തന്നെ സ്റ്റേഡിയം ഒഴിയാൻ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പധികൃതർക്ക് ബ്രണ്ണൻ കോളജ് അധികൃതർ നോട്ടീസ് നൽകിയിരുന്നു .
എന്നാൽ ബദൽ സ്ഥലം കണ്ടെത്താനാവശ്യമായ നടപടികൾ ഊർജിതമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല .തലശേരിയിലും പരിസര പ്രദേശങ്ങളിലും അനുയോജ്യമായ റവന്യൂ ഭൂമി ഇല്ലാത്തതും ശ്രമങ്ങൾക്ക് തിരിച്ചടിയായി .ഇപ്പോൾ കൂത്തുപറമ്പ് കിണവക്കൽ ആയിരം തെങ്ങിലുള്ള പരിമിതമായ സ്ഥലത്താണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് .അതും ദിവസ വാടക നൽകി .ലൈസൻസിന് അപേക്ഷിച്ച പഠിതാക്കൾ ഏറെ ബുദ്ധിമുട്ടിയാണ് ഇപ്പോൾ ടെസ്റ്റ് നടക്കുന്ന സ്ഥലത്തെത്തുന്നത്.
അതിനിടെ ധർമടത്തെ ഗ്രൗണ്ട് നഷ്ടമാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഒരു വർഷം മുമ്പ് കുണ്ടുചിറ വാതക ശ്മശാനത്തിന് സമീപത്തെ ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയും നടക്കുന്നത്. ചതുപ്പ് നിലമായതിനാൽ മണ്ണിട്ട് നികത്തി ടാറിംഗ് പ്രവൃത്തി ഉൾപ്പെടെ ഗ്രൗണ്ടിൽ നടക്കുന്നുണ്ട് .
എന്നാൽ ഇവിടേക്ക് വരാനും പോകാനും ഇടുങ്ങിയ ഒരു വഴി മാത്രമേയുള്ളൂ.ഇതുകാരണം ബസുകളും ലോറികളും ഉൾപ്പെടെ ഗ്രൗണ്ടിലെത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുകയാണ് . ഗ്രൗണ്ടിലെ ടാറിംഗ് പ്രവൃത്തി ഒരാഴ്ചക്കകം പൂർത്തിയാകും .അതിന് ശേഷം ടെസ്റ്റ് കുണ്ടുചിറയിലെ ഗ്രൗണ്ടിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. വാഹന രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയും നടത്തുന്നത് അധികൃതർക്ക് വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നവരെ കുണ്ടുചിറയിലെ ഗ്രൗണ്ട് തന്നെ ഉപയോഗപ്പെടുത്താനാണ് നിലവിലുള്ള തീരുമാനം .
ഇപ്പോൾ ടെസ്റ്റ് കൂത്തുപറമ്പിലും ഫിറ്റ്നസ് പരിശോധനയും രജിസ്ട്രേഷനും കുണ്ടുചിറയിലും നടത്തുന്നത് ഉദ്യോഗസ്ഥർക്കും തലവേദനയായിട്ടുണ്ട്. ഇരിട്ടിയിൽ സബ് ആർടി ഓഫീസ് അനുവദിച്ചെങ്കിലും പ്രവർത്തനം ആരംഭിക്കാത്തതും ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിയാക്കിയിട്ടുണ്ട് .ഫാൽക്കൺ പ്ലാസ ബിൽഡിംഗിൽ ഓഫീസിന് സ്ഥലം കണ്ടെത്തിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് വൈകുകയാണ് .
ആഴ്ചയിൽ ഒരു ദിവസം ഇരിട്ടിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ട് .എന്നാൽ, അതിന് തലശേരിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ തന്നെ പോവേണ്ട സ്ഥിതിയാണ് .നിലവിൽ ഇരിട്ടി സബ് ആർടി ഓഫീസിന് കീഴിലെ ഇരിട്ടി, കൊട്ടിയൂർ ,പേരാവൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയും തലശേരിയിലാണ്.