കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽകൂടുതൽ ടെസ്റ്റ് തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയത്.തിരൂർ സബ് ആർടി ഓഫീസിലെ എംവിഐമാരായ കെ.ടി. ഷംജിത്ത്, കെ. ധനീഷ്, എഎംവിഐ ബേബി ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഗതാഗതകമ്മീഷണറുടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്.എംവിഐയായ ഷംജിത്ത് 2024 ജനുവരി 27ന് 60 ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റും 41 ഹെവി ടെസ്റ്റും 17 ഹെവി ആൻഡ് 1 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ ആകെ 119 ഡ്രൈവിംഗ് ടെസ്റ്റ് ഒരുദിവസം നടത്തിയതായി കണ്ടെത്തി.
ഈ ദിവസം തന്നെ മറ്റൊരു ബാച്ചിൽ എംവിഐയായ ധനീഷ് 60 എൽഎംവി ടെസ്റ്റും 41 ഹെവി ടെസ്റ്റും 15 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ 116 ഡ്രൈവിംഗ് ടെസ്റ്റും നടത്തിയതായി കണ്ടെത്തി. ധനീഷ്, ഷംജിത്ത് എന്നീ എംവിഐമാരോടൊപ്പം പാർട്ട് വൺ ടെസ്റ്റ് നടത്തിയ എഎംവിഐ ബേബി ജോസഫ് രണ്ടു ബാച്ചിലും കൂടെ 120 അപേക്ഷകർക്ക് ടെസ്റ്റ് നടത്തിയതായും സ്ക്വാഡ് കണ്ടെത്തിയിരുന്നു.
രണ്ടു മോട്ടോർ വെഹിക്കിൾ ഓഫീസർമാർ മാത്രമുള്ള ഓഫീസിൽ 189 അപേക്ഷകർക്ക് ഒരുദിവസം തന്നെ ഡ്രൈവിംഗ് ടെസ്റ്റിന് ക്രമവിരുദ്ധമായി ഡേറ്റ് അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും വാഹനങ്ങളുടെ റീവാലിഡേഷൻ നടപടിയിൽ ഗുരുതരക്രമക്കേട് നടത്തിയെന്നുമുള്ള വിശദമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
2017 ലെ സർക്കാർ ഉത്തരവനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണം നിജപ്പെടുത്തിയിരുന്നു.ഉത്തരവനുസരിച്ച് ലേണേഴ്സ് ടെസ്റ്റിലും ഡ്രൈവിംഗ് ടെസ്റ്റിലും ഒരു ബാച്ചിൽ 40 ൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പാടില്ല. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് ഒരു എഎംവിഐയും ഒരു എംവിഐയും ചേർന്നാണ്. ഗ്രൗണ്ടിൽ എട്ട്, എച്ച് ഇവ എഎംവിഐ എടുപ്പിക്കും. റോഡ് ടെസ്റ്റ് നടത്തുന്നത് എംവിഐയാണ്. ഇവർ രണ്ടാളും ചേർന്നാണ് ഒരു ബാച്ചിന്റെ ടെസ്റ്റ് നടത്തുന്നത്.
40 ൽ കൂടുതൽ ആളുകൾ ടെസ്റ്റിന് ഉണ്ടെങ്കിൽ വേറൊരു എഎംവിഐയും എംവിഐയും ഉൾപ്പെടുന്ന രണ്ടാമത്തെ ബാച്ച് ഉണ്ടാക്കണം. അല്ലെങ്കിൽ രാവിലെ ടെസ്റ്റ് നടത്തുന്നഎഎംവിഐക്കും എംവിഐക്കും ഉച്ചകഴിഞ്ഞ് രണ്ടാമത്തെ ബാച്ചായി ടെസ്റ്റ് നടത്താം. നാൽപ്പതിൽ കൂടുതൽ ടെസ്റ്റ് നടത്താൻ നിയമം അനുവദിക്കുന്നില്ല.
റെനീഷ് മാത്യു