തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വ്യാപകമായ വീഴ്ചകളും അനാവശ്യ ഇടപെടലുകളും നടക്കുന്നുവെന്ന് സിഎജിയുടെ കണ്ടെത്തൽ. വർധിച്ച് വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടും ശിപാർശയുമാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
ടെസ്റ്റ് നടക്കുന്ന ചില കേന്ദ്രങ്ങളിൽ സീറ്റ് ബെൽറ്റൊ ഹെൽമറ്റോ ധരിക്കാതെയാണ് അപേക്ഷകർ ടെസ്റ്റിൽ പങ്കെടുത്തത്. നവീകരിച്ച ട്രാക്കുകൾ ഇല്ലാത്തതും പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരാത്തതും വീഴ്ചകളാണെന്നാണ് സിഎജി വ്യക്തമാക്കുന്നത്. ടെസ്റ്റ് നടക്കുന്ന പല ഗ്രൗണ്ടുകളിലും ടെസ്റ്റുകളിൽ ഡ്രൈവിംഗ് സ്കൂളുകാർ ഇടപെടൽ നടത്തുന്നു.
ഫോർ വീലർ ടെസ്റ്റിനുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിംഗ് ട്രാക്ക് വേണമെന്ന വ്യവസ്ഥ പല ഗ്രൗണ്ടുകളിലും ഇല്ലെന്നും സിഎജി കണ്ടെത്തി. 37 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സിഎജി 34 കേന്ദ്രങ്ങളിലും വീഴ്ച കണ്ടെത്തി. ഒൻപത് അപര്യാപ്തതകൾ കണ്ടെത്തികൊണ്ടും പുതിയ നിർദേശങ്ങൾ വ്യക്തമാക്കിയുമാണ് സിഎജി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.