ഇരിങ്ങാലക്കുട: വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തിവരുന്ന നഗരസഭാ ഉടമസ്ഥതയിലുള്ള ഗാന്ധിഗ്രാം ഗ്രൗണ്ടിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ശുചിമുറികൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും ഗാന്ധിഗ്രാം ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ട്. വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ കീഴിലായി ഒരു ദിവസം 90 പേർ വീതമാണ് ഗ്രൗണ്ടിൽ ടെസ്റ്റിനായി എത്തുന്നത്.
ഇതിൽ കൂടുതലും സ്ത്രീകളാണ്. രാവിലെ ആറ് മുതൽ തന്നെ ടെസ്റ്റിനായി ഗ്രൗണ്ടിലെത്തുന്ന യുവതീയുവാക്കൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ യാതൊരു സൗകര്യവും നഗരസഭ ഒരുക്കിയിട്ടില്ല. പലപ്പോഴും വൈകീട്ട് ആറു വരെ ടെസ്റ്റ് നീളാറുണ്ട്. നിലവിൽ സമീപത്തെ കെഎസ്ഇബി നന്പർ രണ്ട് സെക്ഷനിലെ ശുചിമുറിയും സമീപത്തെ ആംഗനവാടിയിലെ ശുചിമുറിയുമാണ് പലപ്പോഴും സ്ത്രീകൾ ഉപയോഗിക്കുന്നത്.
വാട്ടർ അഥോറിറ്റി കണക്ഷനുള്ള ഇവിടങ്ങളിൽ ആഴ്ചയിൽ മൂന്നുദിവസമാണ് കുടിവെള്ളം ലഭിക്കുന്നത്. വെള്ളമില്ലാത്ത ദിവസങ്ങളിൽ ടെസ്റ്റിനെത്തുന്നവർ ടോയ്ലെറ്റിൽ വെള്ളമില്ലാതെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ സൗകര്യം ലഭിച്ചില്ലെങ്കിൽ സമീപത്തെ വീടുകളെ ആശ്രിക്കേണ്ട ഗതികേടിലാണ് ടെസ്റ്റിനെത്തുന്ന സത്രീകൾ. മണിക്കൂറുകളോളം ടെസ്റ്റിനായി ഗ്രൗണ്ടിൽ കാത്തുനിൽക്കേണ്ട അവസ്ഥയിൽ ശുചിമുറി സൗകര്യം അത്യാവശ്യമാണെന്ന് പഠിതാക്കൾ പറയുന്നു.
നിലവിൽ ഡ്രൈവിംഗ് സ്കൂൾ അധികൃതർക്കാണ് നഗരസഭ ഗ്രൗണ്ട് കരാർ നൽകിയിരിക്കുന്നത്. 94,660 രൂപക്കാണ് ഈ വർഷം ഗ്രൗണ്ട് നഗരസഭയിൽ നിന്നും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ലേലം ചെയ്ത് എടുത്തിരിക്കുന്നത്. വാഹനം ഓടിപ്പിക്കാൻ പഠിപ്പിച്ച് ലൈസൻസ് എടുത്തുനൽകാൻ ഒരു വിദ്യാർഥിയിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ അധികൃതർ 10,000 രൂപ വരെ വാങ്ങുന്നുണ്ട്.
ഇപ്രകാരം വാങ്ങുന്ന സംഖ്യയിൽ ഗ്രൗണ്ട് ഉപയോഗത്തിനുള്ള ചാർജും ഇവർ ഈടാക്കുന്നുണ്ടെന്ന് പറയുന്നു. വർഷംതോറും വൻ തുകയ്ക്ക് ഗ്രൗണ്ട് ലേലം കൊള്ളുന്ന നഗരസഭ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഡ്രൈവിംഗ് അസോസിയേഷൻ ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭാ അധികാരികൾ തയാറായില്ലെന്നാണ് പറയുന്നത്.