പാലക്കാട്: കോവിഡ് 19 പശ്ചാത്തലത്തിൽ നിർത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ ജില്ലയിലെ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും 17 മുതൽ പുനരാരംഭിക്കുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ശിവകുമാർ അറിയിച്ചു.
ആദ്യഘട്ടത്തിൽ ഒരുദിവസം 30 പേർക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് പങ്കെടുക്കാൻ അനുവാദം നല്കുക. ലോക് ഡൗണിനുമുന്പ് ലേണേഴ്സ് ലൈസൻസ് എടുത്തവരോ ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമേ ഒക്ടോബർ 15 വരെ നടക്കുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയൂ.
മറ്റുള്ളവർ സ്ലോട്ട് ബുക്ക് ചെയ്യരുത്. ചുമ, പനി, മറ്റ് രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ ക്വാറന്ൈറനിലുള്ള അംഗങ്ങളുള്ളവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോയെത്തി 14 ദിവസം പൂർത്തിയാക്കാത്തവർ, കണ്ടെയ്മെന്റ് സോണിൽ നിന്നുള്ളവർ, മറ്റ് നിരോധിത മേഖലകളിൽ നിന്നുള്ളവർ, 65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവരെ താത്കാലികമായി ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല.
ഈ വിഷയങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് മെംബറോ ഹെൽത്ത് ഇൻസ്പെക്ടറോ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ടെസ്റ്റിന് എത്തുന്ന സമയത്ത് ഹാജരാക്കണം.
ഇരുചക്രവാഹനത്തിൽ ഡ്രൈവിംഗ് ടെസ്റ്റിംഗിന് എത്തുന്നവർ ഓരോരുത്തരും പ്രത്യേകം ഹെൽമറ്റ് കൊണ്ടുവരേണ്ടതാണ്. ഒരാൾ ഉപയോഗിച്ച ഹെൽമറ്റ് മറ്റൊരാൾ ഉപയോഗിക്കാൻ അനുവദിക്കില്ല. ടെസ്റ്റിന് എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും ഹാൻഡ് സാനിറ്റൈസർ കൈവശം സൂക്ഷിക്കേണ്ടതുമാണ്.
സാമൂഹിക അകലവും പാലിക്കണം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന മൈതാനത്ത് അപേക്ഷകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും ഇവർക്കൊപ്പം മറ്റാരും അനുഗമിക്കാൻ പാടില്ലെന്നും ആർടിഒ പി.ശിവകുമാർ അറിയിച്ചു.