കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റിന് ഒറ്റ രാത്രികൊണ്ട് മന്ത്രി ഗണേഷ്കുമാറിന്റെ പരിഷ്കാരം. ടെസ്റ്റ് ഗ്രൗണ്ടുകളില്‍ സംസ്ഥാനത്തുടനീളും പരീക്ഷാര്‍ഥികളുടെ പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പോലീസിനെ വിന്യസിച്ചു.
മലപ്പുറത്ത് പരീക്ഷയ്ക്ക് എത്തിയവരെ പോലീസ് കൈയേറ്റം ചെയ്തു. ഉദ്യേഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇന്നു പരീക്ഷയ്ക്ക് എത്തിയവര്‍ക്ക് എല്ലാം മറ്റൊരു ദിവസം ടെസ്റ്റ് നടത്തുമെന്ന് മന്ത്രി അറിയിച്ചു.ഒരു ദിവസം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം 50 ആയി കുറച്ചുകൊണ്ടാണ് ഇന്നലെ വൈകുന്നേരത്തെ ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്.
നിലവില്‍ ഒരു ടെസ്റ്റ് ഗ്രൗണ്ടില്‍ 120 പേര്‍ക്കാണ് ടെസ്റ്റ് നടത്തുക. മൂന്നുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്തവരാണ് ഇന്നു രാവിലെ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ എത്തിയത്. എട്ടുമണിക്കാണ് ടെസ്റ്റ് ആരംഭിക്കുകയെങ്കിലും ക്യൂ സംവിധാനമായതിനാല്‍ പുലര്‍ച്ചെ അഞ്ചിനു തന്നെ ആളുകള്‍ എത്തി വരിക്കു നില്ക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം ടെസ്റ്റ് എടുക്കാന്‍ കഴിയുന്നതിനാലാണ് ഇത്രയും നേരത്തെ എത്തി ക്യൂനില്ക്കുന്നത്.
രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് മുന്നിലുള്ള 50 പേര്‍ക്കു മാത്രം ഡ്രൈവിംഗ് ടെസ്റ്റിനു അവസരമുള്ളു എന്ന് അറിയിച്ചത്. ബാക്കിയുള്ളവര്‍ പിരിഞ്ഞുപോകണമെന്നും നിര്‍ദേശിച്ചു. 50 പേര്‍ക്കു മാത്രം ടെസ്റ്റ് നടത്താനാണ് മുകളില്‍ നിന്നുള്ള നിര്‍ദേശമെന്നും അവര്‍ അറിയിച്ചു. ഇത് കാത്തുനിന്ന പരീക്ഷാര്‍ഥികളുടെ പ്രതിഷേധത്തിനു കാരണമായി.
മൂന്നുമാസമായി കാത്തിരിക്കുകയാണെന്നും ടെസ്റ്റ് നടത്തിയേ മടങ്ങൂ എന്നുമായി അവര്‍. സ്ത്രീകളടക്കമുള്ളവര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.മുന്‍കൂട്ടി വിവരമറിയിക്കാതെ ഒരു സുപ്രഭാതത്തില്‍ ടെസ്റ്റ് മാറ്റിയ നടപടിയെ അവര്‍ ചോദ്യം ചെയ്തു. ഇതു വാക്കേറ്റത്തിലെത്തി. മിക്ക ഗ്രൗണ്ടുകളിലും വാക്കേറ്റമുണ്ടായി.
ചിലയിടത്ത് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ഇതു സംഘര്‍ഷത്തിലേക്ക് നയിച്ചു. കോഴിക്കോട് നന്മണ്ടയില് മോട്ടോര്‍ െവഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനുരാജ്, അസി. ഇന്‍സ്പെക്ടര്‍മാരായ നൂര്‍ മുഹമ്മദ്, മുഹാദ് എന്നിവരെ ടെസ്റ്റിനെത്തിയവര്‍ തടഞ്ഞുവച്ചു. മുദ്രാവാക്യം മുഴക്കി. രാവിലെ എട്ടിന് ആരംഭിക്കേണ്ട ടെസ്റ്റ് പ്രതിഷേധം കാരണം തടസപ്പെട്ടു. കോഴിക്കോട് ചേവായൂര്‍, കൊടുവള്ളി തുടങ്ങിയ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു. ചേവായൂരില്‍ മന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു.
കോട്ടയത്തും ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവര്‍ പ്രതിഷേധിച്ചു. ചെങ്ങളത്തുകാവ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലത്താണ് ടെസ്റ്റിന് എത്തിയവരും ഡ്രൈവിംഗ് സ്കൂളുകാരും പ്രതിഷേധമുയർത്തിയത്. നൂറിലേറെപ്പേരാണ് ഇന്നു രാവിലെ ടെസ്റ്റിനായി എത്തിയത്. എന്നാല്‍ അന്‍പതുപേരെ മാത്രമേ ടെസ്റ്റില്‍ പങ്കെടുപ്പിക്കുവെന്നും ഇക്കാര്യത്തില്‍ ഉത്തരവുണ്ടെന്നും അറിയിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. സംഭവം വിവാദമായതോടെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍നിന്ന് ഉദ്യേഗസ്ഥര്‍ രേഖകൾ കൈപ്പറ്റിയില്ല.