മലപ്പുറം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂളുകളുടെയും ഏജന്റുമാരുടെയും മാഫിയ സംഘം. എല്ലാത്തിനും കൂട്ടായി ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി .
ഒരു ദിവസം ഉച്ചയ്ക്ക് മുമ്പ് 126 പേര്‍ക്ക് ലൈസന്‍സ് കൊടുക്കുകയാണ്. ഇതെങ്ങനെയാണ് സാധിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഏജന്റുമാരും ഡ്രൈവിംഗ് സ്കൂളുകാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മലപ്പുറം ആര്‍ടി ഓഫീസില്‍ വ്യാജ രസീത് ഉണ്ടാക്കി മൂന്ന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ചാണ് പ്രതിഷേധം. അനിശ്ചിത കാലത്തേയ്ക്ക് ടെസ്റ്റ് ബഹിഷ്കരിക്കാനാണ് യൂണിയന്റെ തീരുമാനം.
പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.