തൃശൂർ: ജോയിന്റ് ആർടി ഓഫീസുകളിൽ ഉദ്യോഗസ്ഥർ രഹസ്യ കോഡുകൾ രേഖപ്പെടുത്തി ഡ്രൈവിംഗ് സ്കൂളുകാരുടെ ലൈസൻസ് അപേക്ഷയിൽ നടത്തുന്ന പുതിയ തട്ടിപ്പ് വിജിലൻസ് കൈയോടെ പിടികൂടി. ചാലക്കുടി, വടക്കാഞ്ചേരി ഓഫീസുകളിലായി അറുപതോളം ലൈസൻസ് അപേക്ഷകളിലാണ് കോഡുകൾ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തിയത്. തൃശൂർ ആർടി ഓഫിസിലും റെയ്ഡ് നടന്നെങ്കിലും ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്താനായില്ല.
അഴിമതി തടയാനും സുതാര്യത ഉറപ്പാക്കാനും കംപ്യൂട്ടർവത്കരിക്കാനും ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പ് ലൈസൻസ് അപേക്ഷകൾ ഓണ്‍ലൈൻ ആക്കി മാറ്റിയത്. എങ്കിലും അപേക്ഷകർ റോഡ് ടെസ്റ്റിനു ഹാജരാകുന്പോൾ അപേക്ഷയുടെ “ഹാർഡ് കോപ്പി’ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറണം. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്.
60 അപേക്ഷകളിലാണ് രഹസ്യ കോഡുകൾ കണ്ടെത്തിയത്. അപേക്ഷകൻ സമർപ്പിക്കുന്ന ഹാർഡ് കോപ്പിയുടെ മുകളിൽ ഡ്രൈവിംഗ് സ്കൂൾ ഏതെന്നു തിരിച്ചറിയാനുള്ള രഹസ്യകോഡ് കൂടി എഴുതുന്നതാണ് പുതിയ രീതി. അക്കമായോ അക്ഷരമായോ ആകും ഈ കോഡ് രേഖപ്പെടുത്തുക.
ഉദ്യോഗസ്ഥരുമായി ധാരണയുള്ള ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നുള്ള അപേക്ഷകർക്കു “പ്രത്യേക’ പരിഗണന ലഭിക്കാനാണിത്. ഡിവൈഎസ്പി കെ.പി. ജോസ്, സിഐ ജിം പോൾ, ഇൻസ്പെക്ടർ ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.