തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കൊണ്ടു വന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സിഐടിയു.
സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ എന്നിവരുമായി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് സിഐടിയു വ്യക്തമാക്കുന്നത്.
പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തൽക്കാലം മരവിപ്പിക്കാൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതായി സിഐടിയു നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.