കളമശേരി: കുസാറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ തിരിമറി ആരോപിച്ച് ഗവർണർക്ക് പരാതി. ഒമ്പതാം റാങ്കുകാരനായ കളമശേരി സ്വദേശി പാലയ്ക്കത്തറ വീട്ടിൽ ആന്റണി ബിനിലാണ് പരാതിക്കാരൻ.
മൂന്ന് ഒഴിവുകൾ ഉള്ള തസ്തികയാണിത്. ആദ്യ മൂന്ന് റാങ്ക്കാർക്ക് സ്കിൽ ടെസ്റ്റിൽ ഏറ്റവും താഴ്ന്ന റാങ്കാണ് ഉണ്ടായിരുന്നത്. എന്നാൽ അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോഴാണ് ആദ്യ മൂന്ന് പേരായി കടന്നു കൂടിയത്. കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ചതാണ് റാങ്ക് ലിസ്റ്റ്. സ്കിൽ ടെസ്റ്റിൽ മുന്നിലായവർ ഏറ്റവും പിന്നിലേക്കും പോയി.
കൂടാതെ ഈ ആദ്യ പേരുകാർക്കും മറ്റൊരു അപേക്ഷകനും സ്കിൽ ടെസ്റ്റിന് തലേന്ന് സർവകലാശാലയുടെ വാഹനത്തിൽ പരിശീലനം നൽകിയത് വിവാദമായിരുന്നു. കുസാറ്റ് അധികൃതരുടെ സഹായം ഇവർക്കുണ്ടെന്നതിന് തെളിവാണിതെന്നാണ് ആരോപണം.
യോഗ്യതയുണ്ടായിട്ടും 12 അംഗ സാധ്യതാ ലിസ്റ്റിൽ പെടുത്താതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നാണ് പരാതിക്കാരന്റെ വാദം. പരാതിയുടെ പകർപ്പ് വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിട്ടുണ്ട്. എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പരാതിയിലുണ്ട്. അത് നിടയിൽ നിരവധി പേരുടെ അപേക്ഷ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.