കാസര്‍ഗോഡ്: ഡ്രൈവിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയ ബന്ധുക്കള്‍ ഉദയഗിരിയിലെ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് വിതറി ടെസ്റ്റ് തടസപ്പെടുത്തി.
മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കേസെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. ഉദയഗിരിയിലെ പരിശീലനകേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറ്റൊരു ഡ്രൈവിംഗ് പരിശീലകനെ മര്‍ദിച്ചതായും പറയുന്നു.
പരിശീലകന് നിരന്തരം അപമര്യാദയായി പെരുമാറുന്നതായി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ചോദ്യം ചെയ്യാനെത്തിയത്.
ബന്ധപ്പെട്ട പരിശീലകന് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കിട്ടിയ ആളിനെ മര്‍ദിച്ച് ഇവിടെ ഇനി ആരും ഡ്രൈവിംഗ് പരിശീലനം നടത്തേണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറുകയായിരുന്നുവെന്ന് പറയുന്നു.
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും പരിശീലകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ ഉച്ചയോടെ കുപ്പിച്ചില്ലുകള്‍ പെറുക്കിമാറ്റി മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. സംഭവത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചു.