കോറോണ വൈറസ് ലോകമാകെ ഭീതി പരത്തി പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ചൈനയ്ക്ക് മനസ്താപം. ഡോ. ലീ വെന്‍ലിയാങ് നല്കിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതര്‍ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ലീ ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുന്‍കൂട്ടി മനസിലാക്കിയിരുന്നു.
സാര്‍സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴു രോഗികള്‍ തന്റെ ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ടെന്ന വിവരം സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30നു മുമ്പ് തന്നെ അദ്ദേഹം പങ്കുവഹിച്ചിരുന്നു.
ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ആശങ്കകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് രാജ്യത്ത് വൈറലായി. എന്നാല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്.
പിന്നീടുള്ള ദിവസങ്ങളില്‍ ഡോക്ടറുടെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാകുന്നതാണ് ലോകം കണ്ടത്. രോഗികളെ ചികില്‍സിച്ച ഡോ. ലീ വെന്‍ലിയാങ് ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ചൈനയില്‍ മരിച്ചു. തുടര്‍ന്ന് വൈറസ് ബാധ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തി.
ഇപ്പോള്‍ ലീയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ് അധികൃതർ. അദ്ദേഹത്തെ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.