സ്വന്തം ലേഖകൻ
തൃശൂർ: സംഗീതം സുഖപ്പെടുത്താത്ത മുറിവുകളും വേദനകളുമില്ല. അങ്ങനെയെങ്കിൽ മിക്ക പാട്ടുകളും മികച്ച ഡോക്ടർമാരാണ്. ഇവിടെയിതാ ഒരു ഡോക്ടർതന്നെ പാട്ടെഴുതുന്നു.
പ്രണയവും വിരഹവും ഭക്തിയും മനസുകൾക്കുള്ള മരുന്നുകളായി ആ വരികളിൽ നിറയുന്നു. തൃശൂർ കരുവന്നൂർ ചെറിയപാലത്തിനടുത്ത ആയുർ ജ്യോതി ആയുർവേദ ഹോസ്പിറ്റലിലെ ഡോ. ലിജോ മന്നച്ചൻ എഴുതിയ പാട്ടുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.
പാട്ടെഴുതാൻ കഴിയുമെന്നോ, എഴുതിയത് ആരെങ്കിലും ഈണമിട്ടു പാടുമെന്നോ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത ഡോ. ലിജോയുടെ വരികൾക്കൊപ്പം നിന്നത് ഭാവഗായകൻ പി. ജയചന്ദ്രനും സംഗീതസംവിധായകൻ എം. ജയചന്ദ്രനും അടക്കമുള്ള പ്രതിഭകൾ!
ഗായിക ചിത്ര അരുണ് ഈണമിട്ട് പി. ജയചന്ദ്രൻ പാടിയ അവൾ എന്ന പാട്ട് സംഗീതപ്രേമികൾ നെഞ്ചോടുചേർത്തുവച്ചിരിക്കുന്നു. മുന്പ് എം. ജയചന്ദ്രൻ സംഗീതമൊരുക്കി അദ്ദേഹവും ചിത്ര അരുണും ചേർന്നു പാടിയ പ്രണയത്തിൻ കനവുകളുമായ് എന്ന ആൽബം ഇന്നും വൈറലാണ്.
മംഗളുരുവിൽ ബിഎഎംഎസ് പഠനകാലത്താണ് പാട്ടിന്റെ പാതയിലൂടെ ലിജോ കൂടുതൽ നടന്നത്. കോളജിലും ഹോസ്റ്റലിലും പാടിത്തുടങ്ങി. അതുവരെ മനസിൽ കൊണ്ടുനടന്നതെല്ലാം കുത്തിക്കുറിച്ചുതുടങ്ങി.
സ്മാർട്ട്ഫോണ് വന്നതോടെ എഴുത്ത് ഫോണിലേക്കു മാറ്റി. എഴുതുന്നത് കൂട്ടുകാരെപ്പോലും കാണിക്കാൻ ധൈര്യമില്ലായിരുന്നു തുടക്കത്തിൽ. എന്നിട്ടും പഠനത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ പാട്ടുംപാടി എഴുത്തു തുടർന്നു.
പഠനം കഴിഞ്ഞ് ഹൗസ് സർജൻസിക്കും പാലക്കാട് നാരായണ ആയുർവേദ ചികിത്സാലയത്തിലെ ജോലിക്കും ശേഷം നാട്ടിൽ സ്വന്തമായി ആശുപത്രി തുടങ്ങിയതോടെ എഴുതാൻ കൂടുതൽ സമയംകിട്ടി. എഴുതിയതിൽ ചിലത് ഫേസ്ബുക്കിൽ പോസ്റ്റുകളാക്കി.
കുറേപ്പേർ നല്ല കമന്റുകളിട്ടു. അതിലൊരഭിപ്രായം ഇങ്ങനെയായിരുന്നു: നിന്റെ മലയാളം എഴുത്ത് നല്ലതാണ്. കൂടുതൽ എഴുതാൻ ശ്രമിക്കണം, നിനക്കു പാട്ടെഴുതാൻ പറ്റും- ആ അഭിപ്രായം പറഞ്ഞത് മറ്റാരുമല്ല, സംഗീതസംവിധായകൻ എം. ജയചന്ദ്രനായിരുന്നു.
സഹോദരതുല്യനായ അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ധൈര്യം പകർന്നുവെന്ന് ഡോ. ലിജോ പറയുന്നു. വെറുംവാക്കു പറയുന്ന ആളല്ല എം. ജയചന്ദ്രൻ.
ഏറെ വൈകാതെ ലിജോയുടെ വരികൾ എം. ജയചന്ദ്രന്റെ ഈണത്തിൽ അദ്ദേഹത്തിന്റെതന്നെ ശബ്ദത്തിൽ പുറത്തിറങ്ങി. പാട്ട് ഹിറ്റാവുകയും ചെയ്തു.
പതിനാറു വർഷമായി രോഗികളെ പരിശോധിക്കുന്നു. ആശുപത്രിയിൽ ഓരോ രോഗികളും 14 അല്ലെങ്കിൽ 21 ദിവസംവരെ ചികിത്സകളുടെ ഭാഗമായി ഉണ്ടാകും.
എല്ലാവരോടും സംസാരിച്ച് വിശേഷങ്ങൾ അറിയും. അവരുടെ അവസ്ഥകളും മാനസിക സംഘർഷങ്ങളും അറിയാം. നമ്മുടെ ഉള്ളിലുള്ള സാങ്കല്പിക ലോകമല്ല പുറത്തുള്ളത്. ഈ അനുഭവങ്ങളും ജീവിതപരിചയവുമെല്ലാം ഇപ്പോൾ എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്- ഡോ. ലിജോ പറയുന്നു.
എം.കെ. അർജുനൻ മാസ്റ്ററുടെ മകൻ അശോകൻ അർജുനൻ ഈണമിടുന്ന പാട്ടുകളാണ് ലിജോയുടെ വരികളിൽ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
ഭാസ്കരൻ മാസ്റ്ററെയും ബിച്ചു തിരുമലയെയും ഗിരീഷ് പുത്തഞ്ചേരിയെയും റഫീഖ് അഹമ്മദിനെയും ആരാധിക്കുന്ന ഡോക്ടറോടു ചോദിച്ചു: എന്നെങ്കിലും ഒരു സിനിമയ്ക്കു പാട്ടെഴുതാൻ ആഗ്രഹമില്ലേ? എനിക്കതു കേൾക്കുന്നതേ പേടിയാണ്.
എന്റെ പരിമിതികൾ നന്നായിട്ടറിയാം. ആരെങ്കിലും ഒരു സിറ്റുവേഷൻ പറഞ്ഞ് പാട്ടെഴുതാൻ പറഞ്ഞാൽ ഇപ്പോഴത്തെ നിലയ്ക്കു പറ്റില്ല. മനസിൽ വരുന്ന വികാരങ്ങൾ, അധികവും വിഷമങ്ങൾ, സമ്മർദ്ദങ്ങളൊക്കെയാണ് വരികളാകുന്നത്. ഭയങ്കര സന്തോഷത്തിലിരുന്ന് എഴുതിയിട്ടില്ല. എന്തായാലും എഴുത്തു തുടരും. അതൊരു മരുന്നാണ്.
പിതാവ് ഡോ. ജെ. മന്നച്ചന്റെ പാത പിന്തുടർന്നാണ് ഡോ. ലിജോ ആയുർവേദം തെരഞ്ഞെടുത്തത്. ഭാര്യ റെമിനും ആയുർവേദ ഡോക്ടർ. ഇരുവരും ലിജോയോടൊപ്പം ആയുർ ജ്യോതിയിൽ ചികിത്സകൾക്കു നേതൃത്വം നൽകുന്നു. ശാന്തയാണ് അമ്മ. മക്കൾ എട്ടാം ക്ലാസുകാരി ജെന്നിഫറും ഒന്നാം ക്ലാസുകാരൻ ജൊഹാൻ ജോസഫും.