സന(യെമൻ): ഏഡൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണം നേരിട്ട ചരക്കുകപ്പലിനെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. മാർഷൽ ദ്വീപുകളുടെ പതാക വഹിച്ച എംവി ജെൻകോ പികാർഡി എന്ന ചരക്കുകപ്പലിനുനേരേയാണ് ബുധനാഴ്ച രാത്രി 11.11 ന് യെമനിലെ ഏഡൻ തുറമുഖത്തുനിന്ന് 60 നോട്ടിക്കൽ മൈൽ അകലെവച്ച് ഡ്രോൺ ആക്രമണമുണ്ടായത്.
കപ്പലിൽനിന്ന് അപായസന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.
ആക്രമണത്തിൽ കപ്പലിനു ചെറിയതോതിൽ നാശമുണ്ടായി. ഒന്പത് ഇന്ത്യക്കാരുൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിലുള്ളത്. ആർക്കും പരിക്കില്ലെന്നും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കിയെന്നും നാവികസേന അറിയിച്ചു.
ഇന്നലെ രാവിലെ ഇന്ത്യൻ നാവികസേനയുടെ എൻജിനിയർമാരെത്തി കപ്പലിൽ വിശദമായ പരിശോധന നടത്തി. തുടർന്ന് കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.
ചരക്കുകപ്പലുകൾക്കുനേരേ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം പതിവാക്കിയതോടെ അറബിക്കടലിൽ ഇന്ത്യൻ നാവികസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സമീപകാലത്ത് നിരവധി കപ്പലുകൾക്ക് സഹായവുമായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ എത്തുകയുണ്ടായി.